നുവാൽസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വോളിബോൾ കോർട്ട് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
കൊച്ചി നുവാൽസിൽ 16 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക വോളിബോൾ കോർട്ട് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
നുവാൽസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ്‌ലിറ്റ് വോളിബോൾ കോർട്ട് പ്രവർത്തനസജ്ജമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും നുവാൽസ് പ്രോ-ചാൻസലറുമായ ഡോ. ആർ. ബിന്ദു കോർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്നും 16,86,119/- രൂപ ചെലവഴിച്ചാണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. നുവാൽസിലെ വിദ്യാർഥികൾക്ക് പുറമെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായിക പ്രതിഭകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേശീയ-അന്തർദേശീയ ടൂർണമെന്റുകൾക്ക് ആതിഥ്യം വഹിക്കാൻ ഈ കോർട്ട് ഭാവിയിൽ സഹായിക്കുമെന്നും കായിക മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സർവകലാശാലയുടെ കായിക പ്രോത്സാഹനങ്ങളെ അഭിനന്ദിച്ചു. കോർട്ട് ഉദ്ഘാടനത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന്റെ ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിച്ചു.
മുൻ ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി, രജിസ്ട്രാർ ലിന അക്ക മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

