ഹണിട്രാപ്പ് ഭിന്നശേഷിക്കാരനെ മർദിച്ച യുവതിയടക്കം നാലുപേർ പിടിയിൽ

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച സംഘം പിടിയിലായി. സഫ്ന എന്ന യുവതിയും മൂന്ന് കൂട്ടാളികളുമാണ് അറസ്റ്റിലായത്.

ഹണിട്രാപ്പ് ഭിന്നശേഷിക്കാരനെ മർദിച്ച യുവതിയടക്കം നാലുപേർ പിടിയിൽ
കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച സംഘം പിടിയിലായി. സഫ്ന എന്ന യുവതിയും മൂന്ന് കൂട്ടാളികളുമാണ് അറസ്റ്റിലായത്.

​കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഘം കൊച്ചിയിൽ പിടിയിലായി. കേസിന്റെ സൂത്രധാരിയായ പറവൂർ സ്വദേശിനി സഫ്ന (25), കൂട്ടാളികളായ ജോൺ രാഹുൽ, അമൽ, ആനന്ദ് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

​സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കൊല്ലം സ്വദേശിയായ മുപ്പതുകാരനാണ് ക്രൂരതയ്ക്ക് ഇരയായത്. സഫ്ന യുവാവിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും എറണാകുളം സൗത്ത് ഓവർബ്രിഡ്ജിന് സമീപത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഹോട്ടലിലെത്തിയ യുവാവിനെ മുറിയിൽ തടഞ്ഞുവെച്ച്, വിവസ്ത്രനാക്കി സഫ്നയ്ക്കൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തി.

​യുവാവിന്റെ ഫോണിലെ യുപിഐ ആപ്പ് വഴി പണം തട്ടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രതികൾ ഇയാളെ അതിക്രൂരമായി മർദിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ചൊവ്വാഴ്ചയാണ് പോലീസിൽ പരാതിപ്പെട്ടത്. ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

​ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി തന്നെ ജോൺ രാഹുലിനെയും അമലിനെയും പോലീസ് പിടികൂടി. സഫ്നയെയും ആനന്ദിനെയും കാക്കനാട്ടെ അപ്പാർട്ട്മെന്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരാളായ സഞ്ജു ഒളിവിലാണ്. പ്രതികൾ മുൻപും സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

​കടവന്ത്ര എസ്.എച്ച്.ഒ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്