രാഷ്ട്രീയ വിവേചനം വെടിഞ്ഞ് ഹിന്ദുസമൂഹം ഒന്നിക്കണം ദണ്ഡസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ്
വെള്ളിയാമറ്റത്ത് നടന്ന സനാതനം 2026 ഹിന്ദു മഹാസംഗമത്തിൽ രാഷ്ട്രീയ അയിത്തം വെടിഞ്ഞ് ഹൈന്ദവ സമൂഹം ഒന്നിക്കണമെന്ന് ആഹ്വാനം. ദണ്ഡസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ് സമ്മേളനം അഭിസംബോധന ചെയ്തു.
വെള്ളിയാമറ്റം: ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വിഘടിച്ചു നിന്നതുകൊണ്ട് മാത്രം അവഗണനകൾ നേരിട്ട ഹൈന്ദവസമൂഹം ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് 'സനാതനം 2026' ഹിന്ദു മഹാസംഗമം ആഹ്വാനം ചെയ്തു. വെള്ളിയാമറ്റം ഭഗവതി ക്ഷേത്ര മൈതാനത്ത് നടന്ന രണ്ടാമത് മഹാസംഗമം പ്രൗഢമായ ജനപങ്കാളിത്തത്തോടെ നടന്നു.
ജാതിവ്യവസ്ഥയുടെ പേരിൽ വിഘടിച്ചുനിന്ന ഹിന്ദുസമൂഹത്തെ ഒരുമിപ്പിക്കാൻ സാമൂഹ്യ പരിഷ്കർത്താക്കൾ നടത്തിയ പോരാട്ടങ്ങൾ പിൽക്കാലത്ത് രാഷ്ട്രീയ കുതന്ത്രങ്ങളാൽ തകർക്കപ്പെട്ടുവെന്ന് സമ്മേളനം വിലയിരുത്തി. സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തേക്കാൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും സ്ഥാനാർത്ഥി മോഹങ്ങൾക്കും മുൻഗണന നൽകുന്നത് ഹൈന്ദവ ശക്തിയെ തളർത്തുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു.
"രാഷ്ട്രീയ അയിത്തം അവസാനിപ്പിക്കണം. മതപരിവർത്തനത്തിനും അവഗണനയ്ക്കുമെതിരെ വരുംതലമുറയ്ക്കായി നാം ഒന്നിക്കണം. ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ദർശനം ആധുനിക കാലത്ത് ഏറെ പ്രസക്തമാണ്," അദ്ദേഹം ഓർമ്മിപ്പിച്ചു.
അമൃതാനന്ദമയി മഠത്തിലെ സ്വാമി ദേവാമൃതാനന്ദ പുരി മഹാസംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷൻ രവീന്ദ്രൻ ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന വിപുലമായ ശോഭയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രമുഖരായ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഹിന്ദു ഐക്യസമിതി നേതാക്കളും വിവിധ സമുദായ പ്രതിനിധികളും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു

