ആലുവ പാലസ് മുതൽ ഫോർട്ട് കൊച്ചി വരെ ജില്ലയിലെ ടൂറിസം പദ്ധതികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ കളക്ടറുടെ ഉത്തരവ്
എറണാകുളം ജില്ലയിലെ വിവിധ ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ ജി. പ്രിയങ്ക. ആലുവ പാലസ്, ഫോർട്ട് കൊച്ചി ചീനവല നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ യോഗം വിലയിരുത്തി
ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ കളക്ടർ
കൊച്ചി: ജില്ലയിലെ വിവിധ ടൂറിസം പദ്ധതികൾ നിശ്ചിത സമയത്തിനകം തന്നെ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ജില്ലയിലെ ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം തടസ്സപ്പെട്ട പദ്ധതികളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും കളക്ടർ വ്യക്തമാക്കി.
ആലുവ പാലസ് നവീകരണം: ചരിത്രപ്രസിദ്ധമായ ആലുവ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 30-നകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ആലുവ ഫൂട്ട് ബ്രിഡ്ജിലെ അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, പെയിന്റിംഗ് ജോലികൾ എന്നിവയും സമയബന്ധിതമാക്കും.
ഫോർട്ട് കൊച്ചി വികസനം: ഫോർട്ട് കൊച്ചിയിലെ ചീനവലകളുടെ സംരക്ഷണവും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കും. മാലിന്യ നിർമ്മാർജ്ജനത്തിനായി ഇവിടെ അടിയന്തരമായി വേസ്റ്റ് കണ്ടെയ്‌നറുകൾ സ്ഥാപിക്കും. ഫോർട്ട് കൊച്ചിക്കായുള്ള എമർജൻസി ആക്ഷൻ പ്ലാനും യോഗം ചർച്ച ചെയ്തു.
കൊച്ചി പോർട്ട് ക്രൂയിസ് ടെർമിനൽ: കൊച്ചി പോർട്ടിലെ ക്രൂയിസ് ടെർമിനലിന്റെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി.
മറ്റ് പ്രധാന പദ്ധതികൾ: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പഴംചിറത്തോട് പുനരുദ്ധാരണം വേഗത്തിലാക്കും. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം, എറണാകുളം ഗസ്റ്റ് ഹൗസ് നവീകരണം, വൈപ്പിൻ ബീച്ച് കോറിഡോർ, സുഭാഷ് പാർക്ക് നവീകരണം എന്നിവയും യോഗത്തിന്റെ പരിഗണനയിൽ വന്നു.
കടമ്പ്രയാർ ഇക്കോ ടൂറിസം പ്രോജക്ട്, കടമക്കുടി റൂറൽ ടൂറിസം പ്രോജക്ട്, ആലങ്ങാട് ടൂറിസം സർക്യൂട്ട് എന്നിവയുടെ പുരോഗതിയും ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസ് നവീകരണ പ്രവർത്തനങ്ങളും യോഗം വിശദമായി വിലയിരുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.