വൈറ്റിലയിലെ ട്രാഫിക് കുരുക്കഴിക്കാൻ ഒന്നരക്കോടിയുടെ പദ്ധതി ജൂലൈ 30 നകം പൂർത്തിയാക്കാൻ കളക്ടറുടെ കർശന നിർദ്ദേശം
കൊച്ചി വൈറ്റില ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നരക്കോടി രൂപയുടെ നവീകരണ പദ്ധതി വരുന്നു. ജൂലൈ 30 നകം യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകി.
കൊച്ചി: വൈറ്റില ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പി.ഡബ്ല്യു.ഡി ക്ക് (എൻ.എച്ച് വിഭാഗം) അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾക്ക് രൂപരേഖയായത്. പദ്ധതി പൂർത്തിയാകുന്നതോടെ വൈറ്റിലയിലെ ട്രാഫിക് കുരുക്കിൽ 60 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ജൂലൈ 30-നകം പൂർത്തിയാക്കും
അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കും. നിലവിലെ തടസ്സങ്ങൾ നീക്കി പുതിയ റോഡ് അലൈൻമെന്റ് ചെയ്യുന്ന പദ്ധതി ജൂലൈ 30-നകം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ കാരണം ഗതാഗതക്കുരുക്ക് വഷളാകാതിരിക്കാൻ മതിൽ പൊളിക്കുന്നതുൾപ്പെടെയുള്ള സിവിൽ ജോലികൾ പൂർണ്ണമായും രാത്രികാലങ്ങളിലായിരിക്കും നടത്തുക. അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ ഗ്രീൻ സോണുകളിലേക്ക് മാറ്റി റോഡ് തടസ്സമില്ലാതെ സൂക്ഷിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.
ഗതാഗത പരിഷ്കാരം ഇങ്ങനെ:
ഹെവി വാഹനങ്ങൾക്ക്: സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള കട്ടിംഗുകൾ, വൈറ്റില ജംഗ്ഷനിലെ നാഷണൽ ഹൈവേ മേൽപ്പാലത്തിന്റെ തൂണുകളോട് ചേർന്നുള്ള കോൺക്രീറ്റുകൾ എന്നിവ ഭാഗീകമായി ഒഴിവാക്കും. സഹോദരൻ അയ്യപ്പൻ റോഡിൽ നിന്ന് വരുന്ന സ്വകാര്യ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കണിയാമ്പുഴ റോഡിലൂടെ കൂടുതൽ സഞ്ചരിച്ച് ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടും.
ചെറിയ വാഹനങ്ങൾക്ക്: സഹോദരൻ അയ്യപ്പൻ റോഡിൽ നിന്ന് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സിഗ്നൽ കടന്ന് സ്റ്റേറ്റ് ഹൈവേയിലൂടെ കടത്തിവിടും.
പുതിയ റോഡ്: പദ്ധതിയുടെ ഭാഗമായി വൈറ്റില ജംഗ്ഷനിൽ നിന്നും കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലും 12.5 മീറ്റർ വീതിയിലും പുതിയ റോഡ് നിർമ്മിക്കും.
ഭാവിയിൽ സിഗ്നൽ രഹിത വൈറ്റില
വൈറ്റില ജംഗ്ഷനെ ഭാവിയിൽ പൂർണ്ണമായും സിഗ്നൽ രഹിതമാക്കാനുള്ള സുപ്രധാന ചർച്ചകളും യോഗത്തിൽ നടന്നു. മെട്രോമാൻ ഇ. ശ്രീധരൻ, പൊതുജന പ്രതിനിധിയായ റോയ്, യുണൈറ്റഡ് ഫോറം എന്നിവർ സമർപ്പിച്ച മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഇതിനായി പരിഗണനയിലുള്ളത്. ഇവ ക്രോഡീകരിച്ച് വലിയ ചിലവില്ലാത്ത ഒരു പ്രായോഗിക പദ്ധതി തയ്യാറാക്കാൻ ഈ മാസം 19-ന് (ചൊവ്വാഴ്ച) വൈകിട്ട് 4 ന് കളക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും. തുടർന്ന് ഉദ്യോഗസ്ഥർ സംയുക്തമായി വൈറ്റില പ്രദേശം സന്ദർശിക്കും.
സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ, ആർ.ടി.ഓ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് 
