വന്നാമി ചെമ്മീൻ കൃഷിയിലൂടെ കേരളത്തിൽ മത്സ്യവിപ്ലവം
വന്നാമി ചെമ്മീൻ കൃഷിയിലൂടെ കേരളത്തിൽ മത്സ്യവിപ്ലവം 50,000 ടൺ അധിക ഉത്പാദനം ലക്ഷ്യം മന്ത്രി സജി ചെറിയാൻ
വന്നാമി ചെമ്മീൻ കൃഷിയിലൂടെ കേരളത്തിൽ മത്സ്യവിപ്ലവം; 50,000 ടൺ അധിക ഉത്പാദനം ലക്ഷ്യം: മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്തെ മത്സ്യ ഉത്പാദന മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് വന്നാമി ചെമ്മീൻ കൃഷി വ്യാപകമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എറണാകുളം ബോൾഗാട്ടി പാലസിൽ അഡാക്കിന്റെ (ADAK) നേതൃത്വത്തിൽ സംഘടിപ്പിച്ച 'അക്വാമീറ്റ് 2026' ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൽ 50,000 ടൺ അധിക ഉത്പാദനം കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തിൽ അക്വാകൾച്ചർ മേഖലയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. 2019-ൽ 26,198 ടണ്ണായിരുന്ന സംസ്ഥാനത്തെ അക്വാകൾച്ചർ ഉത്പാദനം 2025-ൽ 41,750 ടണ്ണായി ഉയർത്താൻ സാധിച്ചത് വലിയ നേട്ടമാണ്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചെമ്മീൻ ലഭ്യത കുറയുന്ന സാഹചര്യം കണക്കിലെടുത്ത് കേരളം ഈ മേഖലയിൽ സ്വയംപര്യാപ്തത നേടേണ്ടതുണ്ട്.
സംസ്ഥാനത്ത് വന്നാമി കൃഷിക്ക് അനുയോജ്യമായ 10,000 ഹെക്ടർ സ്ഥലം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 2,500 ഹെക്ടറിൽ അടിയന്തരമായി കൃഷി ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഇത് മത്സ്യസംസ്കരണ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ഉത്പാദനം ഇരട്ടിയാക്കാനും സഹായിക്കും. പത്തു ലക്ഷത്തിലധികം ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന മത്സ്യമേഖലയുടെ സംരക്ഷണം സർക്കാരിന്റെ മുൻഗണനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച വന്നാമി കർഷകരെ ഹൈബി ഈഡൻ എം.പി ആദരിച്ചു. ഫിഷറീസ് ഡയറക്ടർ ഇഗ്നേഷ്യസ് വി. ചെൽസാസിനി, കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ, അഡാക് മാനേജിംഗ് ഡയറക്ടർ ബി. മൺഡ്രോ തുടങ്ങിയവർ പങ്കെടുത്തു. സിബ, എൻ.ബി.ഡി.എ, എൻ.എഫ്.ഡി.ബി, കുഫോസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അക്വാമീറ്റ് സംഘടിപ്പിച്ചത്

