ശാസ്ത്രീയമായ പാലിയേറ്റീവ് പരിചരണം
ശാസ്ത്രീയമായ പാലിയേറ്റീവ് പരിചരണം കാലഘട്ടത്തിൻ്റെ ആവശ്യം ജില്ലാ കളക്ടർ
ശാസ്ത്രീയമായ പാലിയേറ്റീവ് പരിചരണം കാലഘട്ടത്തിൻ്റെ ആവശ്യം: ജില്ലാ കളക്ടർ
പത്തനംതിട്ട: ശാസ്ത്രീയമായ രീതിയിൽ പാലിയേറ്റീവ് പരിചരണം നൽകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണ സേവനങ്ങൾ നൽകാൻ മുന്നോട്ടുവരുന്ന സന്നദ്ധ പ്രവർത്തകർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ട പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജില്ലയിലെ സന്നദ്ധ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന വിപുലമായ വളണ്ടിയർ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സാന്ത്വന പരിചരണ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് സംസ്ഥാന സർക്കാരിൻ്റെ https://kerala.care എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ ശാസ്ത്രീയ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവരുടെ സൗകര്യപ്രദമായ സമയത്ത് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം നൽകുമെന്നും യോഗത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, എൽ.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ എസ്. ശ്യാമലക്ഷ്മി, ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

