മമ്മൂട്ടി ഗൗതം മേനോൻ ചിത്രം ZEE5 ലേക്ക്
മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ഡിസംബർ 19 മുതൽ ZEE5-ൽ
മമ്മൂട്ടി - ഗൗതം മേനോൻ ചിത്രം ZEE5-ലേക്ക്
മമ്മൂട്ടി നായകനായ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ഒരുക്കിയ ആദ്യ ചിത്രം, 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്', ഡിസംബർ 19 മുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഈ കുറ്റാന്വേഷണ ചിത്രം ഒരു മികച്ച കുടുംബചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കൊച്ചിയിലെ വാടക ഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങിയ 'അല്ലറ ചില്ലറ' കേസുകളാണ് ഡൊമിനിക്കിന്റെ പ്രധാന തൊഴിൽ. കൂടാതെ, താൻ പോലീസിൽ ഉണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണങ്ങളുടെ 'തള്ളുകഥകൾ' പറയുന്ന ഒരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്.
ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിനെത്തുന്ന ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന 'വിഘ്‌നേഷ്' എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഇതിനിടയിൽ, ഡൊമിനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് കളഞ്ഞുകിട്ടുന്ന ഒരു ലേഡീസ് പഴ്സിന്റെ ഉടമയെ തേടിയുള്ള അന്വേഷണം നിസ്സാരമെന്നു കരുതി തുടങ്ങുകയും, അത് കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മമ്മൂട്ടി-ഗോകുൽ സുരേഷ് കോംബോയുടെ മികച്ച പ്രകടനം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സിദ്ദിഖ്, വിനീത്, ഷൈൻ ടോം ചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്.
ചിത്രീകരണത്തെക്കുറിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പ്രതികരിച്ചു: "വെറും 45 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനായത് മുഴുവൻ അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും ഫലമാണ്. മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്."
കുടുംബത്തോടൊപ്പം കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു 'രസകരമായ കുറ്റാന്വേഷണ സിനിമ'യാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്'. ഡിസംബർ 19 മുതൽ ZEE5-ലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

