പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ബാലസഭകൾ
കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ 102 സി.ഡി.എസുകളിലെ ബാലസഭകളിൽ ‘നോ വെഹിക്കിൾ ഡേ ചലഞ്ച്’ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുട്ടികളുടെ ബോധവത്കരണ പ്രവർത്തനങ്ങൾ.
വാഹനങ്ങൾക്ക് ബ്രേക്ക്, പ്രകൃതിക്ക് പച്ചക്കൊടി; എറണാകുളത്തെ ബാലസഭകളിൽ ‘നോ വെഹിക്കിൾ ഡേ’
എറണാകുളം: പരിസ്ഥിതി ബോധവും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ജീവിതശൈലിയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ എറണാകുളം ജില്ലയിലെ ബാലസഭകളിൽ ‘നോ വെഹിക്കിൾ ഡേ ചലഞ്ച്’ സംഘടിപ്പിച്ചു. ജില്ലയിലെ 102 സി.ഡി.എസ് (CDS) പരിധിയിലെ ബാലസഭകളിലാണ് ഓഗസ്റ്റ് മാസത്തെ തീമാറ്റിക് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യത്യസ്തമായ ഈ പരിപാടി നടന്നത്. രണ്ടുമുതൽ മൂന്ന് വാർഡുകൾ വരെ ഉൾപ്പെടുന്ന ക്ലസ്റ്റർ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക, പ്രകൃതി സൗഹൃദ ജീവിതശൈലി ശീലമാക്കുക എന്നിവയാണ് ചലഞ്ചിലൂടെ ലക്ഷ്യമിട്ടത്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി നടന്നും സൈക്കിൾ ഉപയോഗിച്ചും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് ബാലസഭാംഗങ്ങളായ കുട്ടികൾ ചലഞ്ചിൽ പങ്കാളികളായത്.
കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി, വാക്കത്തോൺ, പോസ്റ്റർ-പ്ലക്കാർഡ് പ്രചാരണം എന്നിവ ശ്രദ്ധേയമായി. വാഹന മലിനീകരണത്തിനെതിരെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചു.
കുട്ടികളുടെ വീടുകളിലും വാഹന ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു. ഓരോ വീടുകളിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം രേഖപ്പെടുത്താനും, ഒരു ദിവസം കൊണ്ട് വാഹന ഉപയോഗം എത്രത്തോളം കുറയ്ക്കാനായെന്ന് വിലയിരുത്താനും പ്രത്യേക 'വെഹിക്കിൾ കാർഡ്' നൽകിയിരുന്നു. തുടർന്നുള്ള മാസങ്ങളിലും ഒരു ദിവസം 'വാഹനരഹിത ദിനമായി' ആചരിക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. പരിപാടിയുടെ ഭാഗമായി ബാലസഭാംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.
അഞ്ചു മുതൽ 18 വയസ്സു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി കുടുംബശ്രീ രൂപീകരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസഭ. അയൽക്കൂട്ടം, വാർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ മൂന്ന് തലങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. കുട്ടികളിൽ സാമൂഹിക ബോധവും നേതൃത്വ പാടവവും വളർത്തുന്നതിനൊപ്പം പ്രകൃതിസ്നേഹം ശീലമാക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ജില്ലാ മിഷൻ ഭാരവാഹികൾ വ്യക്തമാക്കി.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
