മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം ഉണ്ണികൃഷ്ണൻ പോറ്റി വിഷയത്തിൽ വി.ഡി. സതീശൻ

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരിൽ യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം ഉണ്ണികൃഷ്ണൻ പോറ്റി വിഷയത്തിൽ വി.ഡി. സതീശൻ
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരിൽ യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള ചിത്രത്തിന്റെ പേരിൽ യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തെങ്കിൽ, മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോയും പുറത്തു വന്നിട്ടുണ്ടെന്നും, ഈ വിഷയത്തിൽ ഇരട്ടത്താപ്പാണ് സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

​"ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് പുറത്തുവരുന്നതിന് മുൻപാണ് ആ ഫോട്ടോ എടുത്തത്. അയാൾ കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രി ഒപ്പം നിന്ന് ഫോട്ടോ എടുക്കുമായിരുന്നോ? സ്വർണം കട്ടത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം," സതീശൻ പറഞ്ഞു.

​മുൻപ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒരു ബ്ലോഗറെ പ്രചാരണത്തിനായി കൊണ്ടുവന്നതും പിന്നീട് അവർ ചാരവനിതയാണെന്ന് അറിഞ്ഞതുമായ സംഭവം സതീശൻ ഓർമ്മിപ്പിച്ചു. അവർ ചാരയാണെന്ന് അറിയാതെയാണ് മന്ത്രി കൊണ്ടുവന്നതെന്ന് അന്ന് താൻ നിലപാടെടുത്തതോടെയാണ് ആ വിവാദം അവസാനിച്ചത്. പൊതുപ്രവർത്തകരുടെ തോളിൽ കയ്യിട്ട് പലരും ഫോട്ടോ എടുക്കാൻ വരാറുണ്ട്, അത് പിന്നീട് അടുത്ത ബന്ധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ മാന്യതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സിപിഎമ്മിനെതിരെ രൂക്ഷവിമർശനം:

സ്വർണം കട്ട മൂന്ന് സിപിഎം നേതാക്കൾ ജയിലിൽ കിടക്കുമ്പോഴും അവർക്കെതിരെ നടപടിയില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പയ്യന്നൂരിൽ ധനരാജ് ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയെ അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ സിപിഎം സംഘപരിവാർ പാതയിലാണെന്നും അമിത് ഷായും മോദിയും പറയുന്നത് അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

​ന്യൂനപക്ഷങ്ങൾ സംസ്ഥാനത്ത് അരക്ഷിതാവസ്ഥയിലാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം ആശയക്കുഴപ്പത്തിലാണെന്നും സതീശൻ പറഞ്ഞു. സർക്കാർ പരാജയപ്പെട്ട മേഖലകൾ പരിഹരിക്കാൻ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.