കരിമണൽ ഖനനത്തിനായി ഷട്ടറുകൾ അടച്ചിട്ടു 2018 ലെ പ്രളയത്തിൽ പുതിയ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ രാഷ്ട്രീയപ്പോര് മുറുകുന്നു

2018 ലെ പ്രളയം കരിമണൽ ഖനന ലോബിയെ സഹായിക്കാൻ സൃഷ്ടിച്ചതാണെന്ന മാത്യു കുഴൽനാടന്റെ ആരോപണവും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും.

കരിമണൽ ഖനനത്തിനായി ഷട്ടറുകൾ അടച്ചിട്ടു 2018 ലെ പ്രളയത്തിൽ പുതിയ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ രാഷ്ട്രീയപ്പോര് മുറുകുന്നു
​തോട്ടപ്പിള്ളി വിവാദം പുകയുന്നു: കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രിമാർ

മൂവാറ്റുപുഴ : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്യു കുഴൽനാടൻ എംഎൽഎ തുറന്നുവിട്ട ‘പ്രളയബോംബി’ൽ കുരുങ്ങി ഭരണപക്ഷം. തോട്ടപ്പിള്ളി സ്പിൽവേയുടെ ഷട്ടർ ഉയർത്താൻ വൈകിയെന്നും ഇത് കരിമണൽ ലോബിയെ സഹായിക്കാനായിരുന്നു എന്നായിരുന്നു കുഴൽനാടന്റെ ആരോപണം. ഇതിനു പിന്നാലെ ജലവിഭവ വകുപ്പിനും അന്ന് മന്ത്രിയായിരുന്ന മാത്യു ടി. തോമസിനുമെതിരെ കുഴൽനാടൻ വീണ്ടും രംഗത്തെത്തി. 2019ലെ മഴക്കാലത്തിനു മുമ്പ് സ്പില്‍വേയിലെ മണ്ണ് എടുക്കണമെന്ന തീരുമാനം ജലവിഭവ വകുപ്പിന്റേതായി ഉണ്ടായി എന്നാണ് കുഴൽനാടന്റെ ആരോപണം.കരിമണൽ ഖനനത്തിന് അനുമതി നൽകുന്നത് വ്യവസായ വകുപ്പാണ്, ജലവിഭവ വകുപ്പല്ല എന്നാണ് മാത്യു ടി.തോമസ് പറഞ്ഞത്. സാങ്കേതികമായി ഇത് ശരിയാണ്. എന്നാൽ കരിമണൽ ഖനനം ചെയ്യണമെങ്കിലോ അത് എടുക്കണമെങ്കിലോ ഒക്കെ കേന്ദ്ര സർക്കാരിനേ സാധിക്കൂ. ഈ സാഹചര്യത്തിൽ 2019 മേയ് 31ന് ദുരന്ത നിവാരണ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിക്കുകയും ഇത് ചെയ്യാൻ ജലവിഭവ വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തു. മാത്യു ടി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ജലവിഭവ വകുപ്പിന്റെ യോഗം മഴ പെയ്തു പോകുന്നതിനു മുമ്പ് മണ്ണ് എടുക്കാനാണു തീരുമാനിച്ചത് എന്നാണു രേഖകൾ പറയുന്നത്. ആ മണ്ണ് സംരക്ഷിക്കണമെന്ന് ജലവിഭവ വകുപ്പിന് എന്തായിരുന്നു ഇത്ര പ്രാധാന്യം?’’ – കുഴൽനാടൻ ചോദിച്ചു.2018ല്‍ തോട്ടപ്പിള്ളി സ്പിൽവേയിലെ കരിമണൽ സംരക്ഷിക്കാനായി ഷട്ടർ ഉയർത്തുന്നത് വൈകിച്ചു എന്നും ഇത് പ്രളയത്തിനു കാരണമായെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി ആരോടോ ഫോണിൽ സംസാരിച്ചതായി പറയുന്ന ശബ്ദ സന്ദേശം കുഴൽനാടൻ ഇന്നലെ പുറത്തു വിട്ടിരുന്നു. അന്നത്തെ മന്ത്രി മാത്യു ടി.തോമസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു കുഴല്‍നാടന്റെ ആരോപണം. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത് എന്നും കൃഷ്ണൻകുട്ടിയുടെ വാക്കുകളെ ഉദ്ധരിച്ച് കുഴൽനാടൻ ആരോപിച്ചിരുന്നു. എന്നാൽ കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നനഞ്ഞ ബോംബ് എറിയാൻ ശ്രമിച്ചതാണ്. 2018ൽ നടന്ന ഒരു കാര്യത്തെക്കുറിച്ച് 2026ൽ ഇത്തരത്തിലൊന്നു വരുന്നത് ദുരുദ്ദേശപരമാണ്. കോടതിയിൽ പോയപ്പോൾ സാങ്കേതിക റിപ്പോര്‍ട്ടുകളടക്കം പരിഗണിച്ച് കേസ് കോടതി തള്ളുകയായിരുന്നു. കരിമണൽ ഖനനത്തിനു വേണ്ടിയാണ് അനുമതി നൽകാഞ്ഞത് എന്നാണ് പറയുന്നത്. ജലവിഭവ വകുപ്പല്ല ഖനനത്തിന് അനുമതി നൽകുന്നത്, വ്യവസായ വകുപ്പാണ്. കരിമണൽ ഖനനവുമായി തങ്ങൾ ഒരിടത്തും കരാറിൽ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് ഇതിൽ ആരോപിക്കുന്ന കമ്പനി തന്നെ പറഞ്ഞിരിക്കുന്നത്’’ – എന്ന് മാത്യു ടി.തോമസ് പ്രതികരിച്ചു. പ്രളയത്തിനു വളരെ നേരത്തെ തന്നെ ഷട്ടറുകൾ ഉയർത്തിയിരുന്നുവെന്ന് കൃഷ്ണൻകുട്ടിയും ഇന്നു പ്രതികരിച്ചു. 2018 ജൂലൈ 16ന് ഷട്ടറുകൾ പരമാവധി ഉയർത്തിയിരുന്നു. ഒരു ഷട്ടറിന്റെ ചെയിന്‍ ഹുക്ക് പോയതിനാൽ ഷട്ടർ താഴ്ന്നു പോയിരുന്നു. ഇത് ഓഗസ്റ്റ് 15നും യന്ത്രസഹായത്താൽ ഉയർത്തി. ഒരു ഘട്ടത്തിലും ഷട്ടറിന്റെ നിരപ്പിനു മുകളിൽ ജലം ഉയർന്നിട്ടില്ല എന്നും കൃഷ്ണൻകുട്ടി പറഞ്ഞു.അതേസമയം, മാത്യു കുഴല്‍നാടന്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചില്ലെന്ന മറുചോദ്യവുമായി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി രംഗത്തെത്തി. പ്രളയത്തിന് മുന്‍പ് സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നിരുന്നുവെന്നും ഇക്കാര്യം നിയമസഭയില്‍ ചോദ്യോത്തരമായി നല്‍കിയിരുന്നുവെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതിനിടെ, ആരോപണവിധേയനായ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ. വണ്ടിത്താവളത്ത് സുമേഷ് ഉപവാസ സമരം തുടങ്ങി. പ്രളയം മനുഷ്യനിർമിതമാണെന്നും അതിന്റെ ഉത്തരവാദികൾ ആരാണെെന്നും ഒരു മന്ത്രിയുടെ ഓഡിയോ പുറത്തുവന്നിരിക്കുകയാണ്. എല്ലാ വിഷയം അറിഞ്ഞിട്ടും മന്ത്രി കെ.കൃഷ്ണൻകുട്ടി നടപടിയെടുക്കാത്തത് സത്യപ്രതിജ്ഞ ലംഘനമാണെന്നും സുമേഷ് അച്യുതൻ ആരോപിച്ചു.