കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി രാജിവെച്ചു
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു . പുതിയ ചെയർമാനായി നടന്മാരായ ജഗദീഷ്, സലിംകുമാർ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത ശബ്ദമിശ്രണ വിദഗ്ദ്ധനും ഓസ്കാർ ജേതാവുമായ റസൂൽ പൂക്കുട്ടി രാജിവെച്ചു. പുതിയ സർക്കാരിന്റെയും യുഡിഎഫ് മുന്നണിയുടെയും നയങ്ങളോട് ചേർന്നുനിൽക്കുന്ന പുതിയ ഭരണസമിതി ഉടൻ തന്നെ ചലച്ചിത്ര അക്കാദമിയിൽ നിലവിൽ വരുമെന്നാണ് സൂചനകൾ.
അക്കാദമിയുടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് മുൻനിര നടന്മാരായ ജഗദീഷ്, സലിംകുമാർ എന്നിവരുടെ പേരുകളാണ് ഇപ്പോൾ പ്രധാനമായും പരിഗണനയിലുള്ളത്. എന്നാൽ ഈ പദവി ഏറ്റെടുക്കാൻ തനിക്ക് വ്യക്തിപരമായ താൽപര്യമില്ലെന്ന് ജഗദീഷ് സർക്കാരിനെ അറിയിച്ചതായും വിവരങ്ങളുണ്ട്. അങ്ങനെയാണെങ്കിൽ സലിംകുമാറിനായിരിക്കും ചലച്ചിത്ര അക്കാദമിയുടെ അമരത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
വിവാദങ്ങളുടെ ചലച്ചിത്ര അക്കാദമി
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലായിരുന്നു റസൂൽ പൂക്കുട്ടി അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. രഞ്ജിത്തിന്റെ രാജിക്ക് ശേഷം വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറിന് താൽക്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് മുൻ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രേംകുമാറിനെ മാറ്റിയാണ് രസൂൽ പൂക്കുട്ടിയെ അധ്യക്ഷനാക്കിയത്.
ഏതാണ്ട് ഒരു വർഷത്തോളമായി അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുകയായിരുന്നു റസൂൽ പൂക്കുട്ടി. മുൻ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ, പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജി. എക്കാലത്തും വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വേദിയായിട്ടുള്ള ചലച്ചിത്ര അക്കാദമിയുടെ പുതിയ തലപ്പത്തേക്ക് ആരെത്തുമെന്നത് സിനിമാ-രാഷ്ട്രീയ മേഖലകളിൽ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ പുതിയ ചെയർമാന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും