ഭാരതപ്പുഴയിൽ ഭക്തിസാന്ദ്രമായ കുംഭമേള നാളെ സമാപനം

ഭാരതപ്പുഴയുടെ മണൽപ്പരപ്പിനെ ഭക്തിസാന്ദ്രമാക്കി നടന്നുവരുന്ന കേരള കുംഭമേള നാളെ സമാപിക്കും. ലക്ഷക്കണക്കിന് ഭക്തരാണ് കഴിഞ്ഞ ദിവസങ്ങളിൽ നിളാതീരത്തേക്ക് ഒഴുകിയെത്തിയത്.

ഭാരതപ്പുഴയിൽ ഭക്തിസാന്ദ്രമായ കുംഭമേള നാളെ സമാപനം
ഭാരതപ്പുഴയിൽ ഭക്തിസാന്ദ്രമായ കുംഭമേള: നാളെ സമാപനം; നിളയെ കാണാൻ തമിഴ്നാട്ടിൽ നിന്ന് 'നിളാ സീർ' എത്തി

​തിരുനാവായ: ഭാരതപ്പുഴയുടെ മണൽപ്പരപ്പിനെ ഭക്തിസാന്ദ്രമാക്കി നടന്നുവരുന്ന കേരള കുംഭമേള (മഹാമാഘ ഉത്സവം) നാളെ സമാപിക്കും. ലക്ഷക്കണക്കിന് ഭക്തരാണ് കഴിഞ്ഞ ദിവസങ്ങളിൽ നിളാതീരത്തേക്ക് ഒഴുകിയെത്തിയത്. സമാപന ദിവസമായ നാളെയും വൻ തിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

​നാളെ സമാപന ചടങ്ങുകൾ:

നാളെ രാവിലെ യോഗീശ്വര പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് സന്യാസിമാരും ഭക്തരും പങ്കുചേരുന്ന പുണ്യ അമൃത സ്നാനം നടക്കും. ഉച്ചയ്ക്ക് അന്നപ്രസാദ വിതരണവും വൈകിട്ട് നിളാ ആരതിയോടെയും കൂടി ഈ വർഷത്തെ കുംഭമേളയ്ക്ക് സമാപനമാകും. അടുത്ത വർഷവും ഇതേ രീതിയിൽ ആഘോഷങ്ങൾ നടക്കുമെന്നും, 2028-ൽ 13 അഖാഡകളും ശങ്കരാചാര്യന്മാരും പങ്കെടുക്കുന്ന 'മഹാകുംഭമേള' ഭാരതപ്പുഴയുടെ തീരത്ത് നടക്കുമെന്നും സംഘാടകർ അറിയിച്ചു.

​നിളയെ തേടി തമിഴ്നാട്ടിൽ നിന്ന് 'സീർ':

മറ്റൊരു നാട്ടിലേക്ക് വിവാഹം കഴിച്ചയച്ച മകളെ കാണാൻ പോകുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സ്നേഹവാത്സല്യങ്ങളുമായി തമിഴ്നാട്ടിലെ തിരുമൂർത്തി ഗ്രാമത്തിൽ നിന്ന് ഭക്തരെത്തി. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തിരുമൂർത്തി മലയിലുള്ളവർ നിളയെ തങ്ങളുടെ മകളായാണ് കാണുന്നത്. 'നിളാ സീർ' എന്ന് വിളിക്കുന്ന ഈ ചടങ്ങിൽ പട്ടു വസ്ത്രങ്ങളും, രാമച്ചമാലകളും, വാസനദ്രവ്യങ്ങളും മകൾക്കുള്ള സമ്മാനമായി അവർ പുഴയ്ക്ക് സമർപ്പിച്ചു. തിരുമൂർത്തി മലയിലെ ക്ഷേത്രത്തിൽ പൂജിച്ച തീർത്ഥം പുഴയിൽ ഒഴുക്കുകയും ചെയ്തു.

​വിശേഷാൽ പൂജകൾ:

ഇന്ന് പ്രഥമ തിഥിയും ആയില്യം നക്ഷത്രവും ചേർന്നു വരുന്ന ദിനമായതിനാൽ പുഴയുടെ തീരത്ത് പ്രത്യേക പൂജകൾ നടന്നു. തൃപ്രങ്ങോട്ടപ്പൻ, തളി ശിവൻ, ബ്രഹ്മാവ്, മഹാലക്ഷ്മി തുടങ്ങിയ ദേവീദേവന്മാർക്കായി നടത്തിയ പൂജകൾക്ക് ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നേതൃത്വം നൽകി. വൈകിട്ട് സർപ്പബലിയും നടക്കും. ഇന്നലെ തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി കാവടിയാട്ടവും സൂര്യകാലടി മന പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നിരുന്നു.