10 മിനിറ്റ് ഡെലിവറി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
10 മിനിറ്റ് ഡെലിവറി ഓൺലൈൻ കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
10 മിനിറ്റ് ഡെലിവറി': ഓൺലൈൻ കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
കൊച്ചി: '10 മിനിറ്റ് ഡെലിവറി' എന്ന പേരിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഓൺലൈൻ ഡെലിവറി കമ്പനികൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അതിവേഗ ഡെലിവറി ഉറപ്പാക്കുന്നതിനായി റൈഡർമാരെ അമിത സമ്മർദ്ദത്തിലാക്കുന്ന കമ്പനികൾക്ക് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കണമെന്ന കമ്പനികളുടെ കടുത്ത നിബന്ധനകൾ മൂലം ഡെലിവറി ഏജന്റുമാർ റോഡുകളിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നൽ ലംഘനം, തെറ്റായ രീതിയിലുള്ള ലെയ്ൻ മാറ്റം, ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളുടെ അഭാവം എന്നിവ റൈഡർമാർക്കിടയിൽ വർധിച്ചുവരുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
അതിവേഗ ഡെലിവറി സംവിധാനം റോഡ് സുരക്ഷയെ ബാധിക്കില്ലെന്ന് എങ്ങനെ ഉറപ്പാക്കുന്നുവെന്നും റൈഡർമാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദീകരിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമയം ജീവനേക്കാൾ പ്രധാനമാണെന്ന തെറ്റായ സന്ദേശമാണ് ഇത്തരം ബിസിനസ് മാതൃകകൾ നൽകുന്നതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം നിരീക്ഷിച്ചു. നിയമലംഘനങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു

