പ്രസവ വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്ന് 56.59 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്ന് 56.59 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. ജയിലിലുള്ള ഭർത്താവിന് നൽകാൻ കൊണ്ടുവന്നതാണെന്ന് മൊഴി.
മെഡിക്കൽ കോളജ് പ്രസവ വാർഡിൽ നിന്ന് ഹഷീഷ് ഓയിൽ പിടികൂടി; കൂട്ടിരിപ്പുകാരിയായ യുവതി അറസ്റ്റിൽ
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കൽ നിന്ന് 56.59 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെ (32) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കാസർകോട്ടാണ് ഇവർ താമസിക്കുന്നത്.
ആശുപത്രിയിലെ 41-ാം വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ അശ്വതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും ചേർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് വെളിച്ചെണ്ണക്കുപ്പികളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. ആദ്യത്തെ കുപ്പിയിൽ 29.08 ഗ്രാമും രണ്ടാമത്തെ കുപ്പിയിൽ 27.51 ഗ്രാമും ഹഷീഷ് ഓയിലാണ് ഉണ്ടായിരുന്നത്.
ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാൻ കൊണ്ടുവന്നതാണ് ഹഷീഷ് ഓയിൽ എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തിക്കുന്ന തടവുകാർ വഴി ലഹരിമരുന്ന് ഭർത്താവിന് എത്തിക്കാനായിരുന്നു പദ്ധതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.