മലേഷ്യയുമായി സഹകരണം ശക്തമാക്കാൻ കേരളം മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ ചേലേമ്പ്രയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട് : ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ മലേഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ചേലേമ്പ്ര 'തുല' വെൽനെസ്സ് സെന്ററിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ക്രിയാത്മകമായ ചർച്ചകൾ നടന്നത്.
മലേഷ്യയുമായുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ സൗഹൃദവും അവിടെയുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തവുമാണ് ഈ മികച്ച ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇതിന്റെ തുടർച്ചയായാണ് പുതിയ വികസന പങ്കാളിത്തം വിപുലപ്പെടുത്താൻ തീരുമാനിച്ചത്.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരുമായും മലേഷ്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. .
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഔദ്യോഗിക യാത്രയയപ്പ്
രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. വൈകിട്ട് 7.15-ന് മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ മാലിദ്വീപ് സന്ദർശനത്തിനായാണ് യാത്ര തിരിച്ചത്.
യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് പിള്ള, വിദേശകാര്യമന്ത്രാലയ പ്രതിനിധി വിജയകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.