റീഇമാജിനിങ് കേരളം മന്ത്രിസഭയുടെ നേതൃത്വ ശില്പശാലയ്ക്ക് ഐ.ഐ.എം കോഴിക്കോട് തുടക്കമായി
കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാല കോഴിക്കോട് ആരംഭിച്ചു.
‘റീഇമാജിനിങ് കേരളം’: സംസ്ഥാന മന്ത്രിസഭയുടെ ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശില്പശാലയ്ക്ക് ഐ.ഐ.എം കോഴിക്കോട് തുടക്കമായി
കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ പ്രമുഖ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ നയസമീപനങ്ങൾ രൂപപ്പെടുത്തുന്നതിനായുള്ള സംസ്ഥാന മന്ത്രിസഭയുടെ ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശില്പശാല ‘റീഇമാജിനിങ് കേരളം’ ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ശില്പശാല ക്യാമ്പസിലെ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് സെൻ്ററിലാണ് നടക്കുന്നത്.
സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലായി നടക്കുന്ന പരിപാടി രാവിലെ ഒൻപതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രിസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടനത്തിന് ശേഷം ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി നയിച്ച ‘Transformational Leadership in the Age of AI: Engaging People with Purpose and Impact’ എന്ന വിഷയത്തിലുള്ള ആദ്യ സെഷൻ നടന്നു. നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കൃത്രിമബുദ്ധിയുടെ (AI) കാലത്തെ നേതൃത്വം, നയങ്ങളെ സുസ്ഥിര മാറ്റങ്ങളാക്കി മാറ്റാനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം എന്നിവ ശില്പശാലയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
കൂടാതെ പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ മേഖലകൾക്കും ഊന്നൽ നൽകും. പൊതുജനാരോഗ്യത്തിന്റെ ഭാവി സംബന്ധിച്ച സെഷനിൽ നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി വിഷയാവതരണം നടത്തും.
ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, കിംഗ്സ് കോളജ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയ അന്തർദേശീയ വിദഗ്ധരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പരമ്പരാഗത ക്ലാസ് മുറി പരിശീലനത്തിന് പകരം വിദഗ്ധരും നയരൂപീകരണ വിദഗ്ധരും തമ്മിലുള്ള ആശയവിനിമയത്തിനാണ് ക്യാമ്പിൽ മുൻഗണന നൽകുന്നത്.
സംസ്ഥാന മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ പ്രത്യേക നേതൃത്വ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഏകദിന ശില്പശാല ഐ.ഐ.എം.കെ സംഘടിപ്പിച്ചിരുന്നു.
കേരളത്തിന്റെ വികസന യാത്രയെ കൂടുതൽ ജനകീയവും സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവുമാക്കുന്നതിനും, അക്കാദമിക രംഗവും സർക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ‘റീഇമാജിനിങ് കേരളം’ വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.