നാട്ടാനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം, വേലക്കാരായി കാണരുത് സുപ്രീം കോടതി
ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് ആനകളെ ദൈവതുല്യരായി ആദരിക്കണമെന്നും അവയുടെ ആരോഗ്യപരിപാലനത്തിനായി പ്രത്യേക ക്ലിനിക്കുകൾ സജ്ജമാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
നാട്ടാനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം, വേലക്കാരായി കാണരുത്: സുപ്രീം കോടതി
ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് സുപ്രീം കോടതി. അവയെ കേവലം വേലക്കാരായി കാണരുതെന്നും മൃഗങ്ങളോടുള്ള ആദരവ് ദൈവത്തോടുള്ള ഭക്തിയുടെ തന്നെ ഭാഗമാണെന്നും കോടതി ഓർമിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നാട്ടാനകളുടെ പരിപാലനവും പുനരധിവാസവും സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേ സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ആനകളുടെ എഴുന്നള്ളിപ്പ് ക്ഷേത്ര വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേരളത്തിലെ ക്ഷേത്ര ഭരണസമിതികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ബെഞ്ചിന്റെ പരാമർശം. മതപരമായ ആചാരങ്ങളെയോ വിശ്വാസങ്ങളെയോ ഈ ഹർജിയിലൂടെ ചോദ്യം ചെയ്യുന്നില്ലെന്നും, അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ആനകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ നാട്ടാനകൾക്ക് നിലവിൽ മൈക്രോചിപ്പും തിരിച്ചറിയൽ ടാഗുകളും നൽകിയിട്ടുണ്ടെന്നും അവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണസമിതികൾക്കായി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വർ കോടതിയെ അറിയിച്ചു.
ശാസ്ത്രീയ പരിപാലനവും മെഡിക്കൽ റെക്കോർഡും നിർബന്ധം
നാട്ടാനകളുടെ ആരോഗ്യപരിപാലനത്തിന് പ്രത്യേക സൗകര്യങ്ങളുള്ള ക്ലിനിക്കുകൾ സജ്ജമാക്കണമെന്നും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്. ഓരോ നാട്ടാനയ്ക്കും പ്രത്യേകം മെഡിക്കൽ രേഖകൾ സൂക്ഷിക്കണം.
സ്വകാര്യ വ്യക്തികൾ, ക്ഷേത്രങ്ങൾ, സർക്കസ് സ്ഥാപനങ്ങൾ, വനംവകുപ്പ്, മൃഗശാലകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ കീഴിലുള്ള എല്ലാ ആനകൾക്കും ശാസ്ത്രീയവും മികച്ചതുമായ പരിപാലനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
'ഗജ് സൂചന' ജനിതക ഡേറ്റാബേസ്
നാട്ടാനകളുടെ ഡിഎൻഎ (DNA) പരിശോധിച്ച് വിവരങ്ങൾ 'ഗജ് സൂചന' (Gaj Suchna) എന്ന ജനിതക ഡേറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദേശത്തിൽ പറയുന്നു.
അതേസമയം, പുതിയ ആനകളെ തടവിലാക്കി നാട്ടിലേക്ക് കൊണ്ടുവരുന്നത് പൂർണമായി നിരോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാടുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന ആനക്കുട്ടികളുടെ സാഹചര്യം മുൻനിർത്തിയാണ് കോടതി ഈ നിലപാടെടുത്തത്.
ക്യാപ്റ്റീവ് എലിഫന്റ് ഹെൽത്ത്കെയർ ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് നിലവിൽ 2,725 നാട്ടാനകളാണുള്ളത്. 2018-ൽ ഇത് 2,675 ആയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ആനകൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്—1,678 എണ്ണം.

