മൂന്നാമത്തെ കുഞ്ഞിനും 365 ദിവസം പ്രസവാവധി ചരിത്ര പ്രഖ്യാപനവുമായി ജോസഫ് വിജയ് സർക്കാർ
തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞിനും 365 ദിവസത്തെ പ്രസവാവധി പ്രഖ്യാപിച്ച് വിജയ് സർക്കാർ. നിലവിലിത് 12 ആഴ്ചയായിരുന്നു. സംസ്ഥാനത്തെ കുറഞ്ഞുവരുന്ന ജനനനിരക്ക് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
മൂന്നാമത്തെ കുഞ്ഞിനും 365 ദിവസം പ്രസവാവധി: തമിഴ്‌നാട്ടിൽ വിപ്ലവകരമായ മാറ്റവുമായി വിജയ് സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനും 365 ദിവസത്തെ (ഒരു വർഷം) ശമ്പളത്തോടുകൂടിയ പ്രസവാവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. നിലവിൽ മൂന്നാമത്തെ കുട്ടിക്ക് ലഭിച്ചിരുന്ന 12 ആഴ്ച (84 ദിവസം) പ്രസവാവധിയാണ് ഇപ്പോൾ ഒരു വർഷമായി ഉയർത്തിയത്. മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ ആണ് നിയമസഭയിൽ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
ആദ്യത്തെ രണ്ട് കുട്ടികളുടെ ജനനത്തിന് ലഭ്യമായിരുന്ന 365 ദിവസത്തെ അവധി ഇനി മുതൽ മൂന്നാമത്തെ കുട്ടിക്കും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന സർക്കാരാണ് തങ്ങളുടേതെന്നും, ജനനനിരക്കിൽ ഉണ്ടാകുന്ന വൻ ഇടിവ് പരിഹരിക്കാനാണ് ഈ ഇടപെടലെന്നും ശരത്കുമാർ കൂട്ടിച്ചേർത്തു.
പ്രസവാവധി വർദ്ധിപ്പിച്ച ചരിത്രം
2011: 6 മാസം (180 ദിവസം)
2016: 9 മാസം (270 ദിവസം)
2021: 1 വർഷം (365 ദിവസം - ആദ്യ രണ്ട് കുട്ടികൾക്ക്)
ഇപ്പോൾ: മൂന്നാമത്തെ കുട്ടിക്കും 365 ദിവസം
ജനസംഖ്യാപരമായ ആശങ്കകൾ
സംസ്ഥാനത്ത് ജനനനിരക്ക് വലിയ തോതിൽ കുറയുന്നതായി ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് (TFR) 1.4 ആയി കുറഞ്ഞിരിക്കുകയാണ്. കൂടാതെ, സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 16 ശതമാനത്തോളം 60 വയസ്സിന് മുകളിലുള്ളവരാണ്.
ഈ ഘടനാപരമായ മാറ്റം ഭാവിയിൽ പൊതുജനാരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയാകും. മൂന്നാമത് ജനിക്കുന്ന കുട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന 'ആന്ധ്ര മോഡൽ' തമിഴ്‌നാട്ടിലും നടപ്പിലാക്കേണ്ടത് ആവശ്യമാണെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യയുടെ (OGSSI) വർക്ക്‌ഷോപ്പിൽ സംസാരിക്കവേ ആരോഗ്യമന്ത്രി വ്യക്തമാക്കി.

