ബൈരക്കൂപ്പ പാലം യാഥാർത്ഥ്യത്തിലേക്ക്കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി പി.കെ. ബഷീർ കൂടിക്കാഴ്ച നടത്തി
വയനാട് പെരിക്കല്ലൂരിനെയും കർണാടക ബൈരക്കൂപ്പയെയും ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പാലത്തിന്റെ നിർമ്മാണ നടപടികൾ വേഗത്തിലാക്കുമെന്ന് കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പ് നൽകി.
ബൈരക്കൂപ്പ പാലം യാഥാർത്ഥ്യത്തിലേക്ക്; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി പി.കെ. ബഷീർ കൂടിക്കാഴ്ച നടത്തി
ബംഗളൂരു: കേരള-കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി ബംഗളൂരുവിൽ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ കർണാടക മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം, കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. 1994 സെപ്റ്റംബർ 22-ന് അന്നത്തെ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും ചേർന്നാണ് ഈ പാലത്തിന് തറക്കല്ലിട്ടത്. തുടർന്ന്, 2002 മാർച്ച് 15-ന് കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
പാലത്തിന്റെ കേരള ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണം ഇതിനകം പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ ആകെ പൂർത്തീകരണം ഇനി കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെക്കൂടിയാണ് ആശ്രയിച്ചിരിക്കുന്നത്. കർണാടക ഭാഗത്തെ അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.കെ. ബഷീർ നേരത്തെ കർണാടക സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിർണായക തീരുമാനം. പ്രിയങ്ക ഗാന്ധി എം.പിയും ഈ വിഷയത്തിൽ ഇരു സർക്കാരുകൾക്കും നേരത്തെ കത്തയച്ചിരുന്നു.
പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. കർണാടകയിലെ അതിർത്തി നിവാസികൾക്ക് കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. കൂടാതെ, കുടക് ജില്ലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കാർഷിക-ബിസിനസ് മേഖലകൾക്കും ഇത് വൻ ഉണർവേകും.
പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും നേരിട്ടെത്താനുള്ള ഒരു മികച്ച ബദൽ പാതയായി ഈ പാലം മാറും. നിലവിൽ എൻഎച്ച് 766-ൽ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ ഈ പാത സഹായിക്കും. പാലം വരുന്നതോടെ ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാദൂരം ഏകദേശം 40 കിലോമീറ്ററോളം കുറയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
പദ്ധതിയുടെ വലിയ പൊതുപ്രാധാന്യം കണക്കിലെടുത്ത്, കർണാടക മേഖലയിലെ അപ്രോച്ച് റോഡിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനും, വനം വകുപ്പ് ഉൾപ്പെടെയുള്ളവരിൽ നിന്ന് നിരാക്ഷേപ പത്രം (NOC) ലഭ്യമാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കർണാടക മുഖ്യമന്ത്രി നിർദ്ദേശം നൽകി.