അക്ഷരമുറ്റത്ത് വീണ്ടും വസന്തം

തലമുറകളുടെ സംഗമം ​കൊച്ചിയിൽ കാലം മായ്ക്കാത്ത കലാലയ സ്മരണകളുമായി മഹാരാജാസ് കോളേജിന്റെ അക്ഷരമുറ്റത്ത് വീണ്ടും വസന്തം.

അക്ഷരമുറ്റത്ത് വീണ്ടും വസന്തം
പൂർവ്വ വിദ്യാർത്ഥി സംഗമം

അക്ഷരമുറ്റത്ത് വീണ്ടും വസന്തം; മഹാരാജാസിൽ തലമുറകളുടെ സംഗമം

​കൊച്ചി: കാലം മായ്ക്കാത്ത കലാലയ സ്മരണകളുമായി മഹാരാജാസ് കോളേജിന്റെ അക്ഷരമുറ്റത്ത് വീണ്ടും വസന്തം. കോളേജിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ (ശതോത്തര സുവർണ്ണ ജൂബിലി) ഭാഗമായി മലയാള വിഭാഗം സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ടൊരു അനുഭവമായി. 1925-ൽ മലയാള വിഭാഗം ആരംഭിച്ചത് മുതലുള്ള വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ കലാലയത്തിലേക്ക് തിരിച്ചെത്തിയത്.

​ഇംഗ്ലീഷ് മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന തലമുറയും നവാഗതരും ഒത്തുചേർന്നു. 1958-61 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന മുരളീധരൻ തന്റെ കലാലയ ഓർമ്മകൾ പങ്കുവെച്ചപ്പോൾ അത് സദസ്സിന് ഗൃഹാതുരമായ അനുഭവമായി. എ.കെ. ആന്റണി, വയലാർ രവി, ടി.വി.ആർ. ഷേണായി തുടങ്ങിയ പ്രമുഖർക്കൊപ്പമുള്ള തന്റെ സൗഹൃദകാലം അദ്ദേഹം വികാരഭരിതനായി അനുസ്മരിച്ചു.

​പ്രമുഖരായ ഡോ. ജോർജ് ഇരുമ്പയം, എം.കെ. ശശീന്ദ്രൻ, ആർ.കെ. ദാമോദരൻ, എം.വി. ബെന്നി, ഡോ. ടി.എസ്. ജോയ് തുടങ്ങിയ പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു. തങ്ങളെ അക്ഷരലോകത്തേക്ക് നയിച്ച ഗുരുനാഥന്മാരായ ഡോ. ധനലക്ഷ്മി ടീച്ചർ, ബാബുജി സാർ, മാർഗററ്റ് ജോർജ്, പി. രമാദേവി തുടങ്ങിയവരെ കണ്ടുമുട്ടിയത് പലരിലും ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു. പഴയ തമാശകളും ക്യാമ്പസ് വിശേഷങ്ങളും പങ്കുവെച്ച് സൗഹൃദം പുതുക്കിയാണ് ഓരോരുത്തരും മടങ്ങിയത്.

​കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.എൻ. പ്രകാശ് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷ ഡോ. സുമി ജോയി ഒലിയപ്പുറം, ഗവേർണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, അലൂമിനി അസോസിയേഷൻ കോഡിനേറ്റർ സിമി കെ. വിജയൻ എന്നിവർ സംസാരിച്ചു.