ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട കാറിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 2.27 കോടി രൂപ പിടികൂടി

വയനാട് മുത്തങ്ങയിൽ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 2.27 കോടി രൂപയുടെ കുഴൽപ്പണം പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി

ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട കാറിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 2.27 കോടി രൂപ പിടികൂടി
കാറിന്റെ ഡിക്കിയിൽ ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം സജ്ജീകരിച്ചിരുന്ന രണ്ട് രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്.

രഹസ്യ അറയിൽ രണ്ടുകോടിയോളം രൂപ; ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട, രണ്ടുപേർ പിടിയിൽ

​ബത്തേരി: കാറിൽ പ്രത്യേക രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ വയനാട് സുൽത്താൻ ബത്തേരിയിൽ പിടിയിലായി. മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കടത്തുകയായിരുന്ന രേഖകളില്ലാത്ത 2,27,43,000 രൂപയാണ് പോലീസ് പിടികൂടിയത്.

​ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രാസ് ബസാർ സ്വദേശി പി.ടി. ഇസ്മായിൽ (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

​കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറിന്റെ ഡിക്കിയിൽ ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം സജ്ജീകരിച്ചിരുന്ന രണ്ട് രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

​ബത്തേരി എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായർ, സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇത്രയും വലിയ തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.