പാചകവാതക വിലവർധന: സംസ്ഥാനത്ത് നാളെ ഹോട്ടൽ പണിമുടക്ക് 24 മണിക്കൂർ കടകൾ അടച്ചിടും
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ നാളെ (മെയ് 6) കേരളത്തിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (LPG) വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6) പണിമുടക്കും. നാളെ പുലർച്ചെ മുതൽ 24 മണിക്കൂർ നേരം സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) അറിയിച്ചു.
വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ വർധനവോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 3085 രൂപയാണ് നൽകേണ്ടി വരുന്നത്.
വിലക്കയറ്റം, ഉയർന്ന കെട്ടിട വാടക, തൊഴിലാളികളുടെ കൂലി വർധനവ് എന്നിവ കാരണം ഹോട്ടൽ മേഖല ഇതിനകം തന്നെ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്. നിലവിലെ സിലിണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ പകുതിയോളം ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നും, ഈ സാഹചര്യത്തിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും അസോസിയേഷൻ വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെങ്കിലും മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.