വിശപ്പില്ലാത്ത പ്രഭാതങ്ങളുമായി ഗുഡ് മോണിംഗ് എറണാകുളം അഞ്ചാം വർഷത്തിലേക്ക് ഉദ്ഘാടനം ഇന്ന്

സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന ടി.ജെ. വിനോദ് എം.എൽ.എയുടെ ‘ഗുഡ് മോണിംഗ് എറണാകുളം’ പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ഉദ്ഘാടനം പുല്ലേപ്പടി ദാറുൽ ഉലൂം എച്ച്.എസ്.എസ്സിൽ നടക്കും.

വിശപ്പില്ലാത്ത പ്രഭാതങ്ങളുമായി ഗുഡ് മോണിംഗ് എറണാകുളം അഞ്ചാം വർഷത്തിലേക്ക് ഉദ്ഘാടനം ഇന്ന്
സ്കൂൾ വിദ്യാർഥികൾ വിശന്ന വയറുമായി ക്ലാസ് മുറിയിലിരിക്കാൻ ഇടയാവരുത് എന്ന ലക്ഷ്യത്തോടെ ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഗുഡ് മോണിംഗ് എറണാകുളം' പ്രഭാത ഭക്ഷണ പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു

സ്കൂൾ വിദ്യാർഥികൾ വിശന്നിരിക്കാത്ത പ്രഭാതങ്ങളുമായി ടി.ജെ വിനോദ് എം.എൽ.എയുടെ ‘ഗുഡ് മോർണിംഗ് എറണാകുളം’ പദ്ധതി അഞ്ചാം വർഷത്തിലേക്ക്

എറണാകുളം:  ഒരു വിദ്യാർഥിയും വിശന്ന വയറുമായി ക്ലാസ് മുറിയിലിരിക്കാൻ ഇടയാവരുത് എന്ന ലക്ഷ്യത്തോടെ ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഗുഡ് മോണിംഗ് എറണാകുളം’ പ്രഭാത ഭക്ഷണ പദ്ധതി അഞ്ചാം വർഷത്തിലേക്ക്. എറണാകുളം നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ അധ്യയന വർഷത്തെ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 18ന് രാവിലെ 8.30ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി., കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി വാര്യത്ത്, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ തുടങ്ങിയവർ പങ്കെടുക്കും.

ഓരോ വിദ്യാലയത്തിലും അതത് സ്കൂൾ പ്രധാനാധ്യാപകന്റെ ചുമതലയിലാണ് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്. അപ്പം–മുട്ടക്കറി, അപ്പം–ചെറുപയർ കറി, പുട്ട്–കടലക്കറി, ചപ്പാത്തി–വെജിറ്റബിൾ കറി, ഉപ്പുമാവ്–പഴം, ഇഡലി–സാമ്പാർ തുടങ്ങിയ വൈവിധ്യമാർന്ന പ്രഭാത ഭക്ഷണങ്ങളാണ് വിദ്യാർഥികൾക്ക് നൽകുക.

വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്കൂളിലെയും പ്രധാനാധ്യാപകർ നിർവഹണ ചുമതല വഹിക്കുന്നതിലൂടെ പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും ഉറപ്പാക്കുന്നു.

ഒരു വിദ്യാർഥിയും വിശന്നിരിക്കരുതെന്ന ചിന്തയിൽ നിന്നാണ് ടി.ജെ. വിനോദ് എം.എൽ.എ പദ്ധതി ആരംഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും ആത്മാഭിമാനത്തോടെ പ്രഭാത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. പഠനത്തിന് ആവശ്യമായ ആരോഗ്യവും ഊർജവും കുട്ടികൾക്ക് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ബിപിസിഎൽ, ജിയോജിത് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണയാണ് പദ്ധതിയുടെ കരുത്ത്. ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസും ജിയോജിത് ഫിനാൻസ് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ടി.ജെ. വിനോദ് എം.എൽ.എ എറണാകുളം നിയോജകമണ്ഡലത്തിൽ ആരംഭിച്ച ‘ഗുഡ് മോണിംഗ് എറണാകുളം’ ഇന്ന് കേരളത്തിൽ വിവിധ ഇടങ്ങളിൽ മാതൃകയായ പദ്ധതിയായി വളർന്നിട്ടുണ്ട്. വിശപ്പില്ലാത്ത പ്രഭാതങ്ങളിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പഠിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു വിദ്യാർഥിയും വിശന്നിരിക്കരുത്. അറിവിന്റെ ലോകത്തേക്ക് ഓരോ കുട്ടിയും നിറഞ്ഞ മനസ്സോടെ നടന്നടുക്കണം. അതിനുള്ള ഒരു കൂട്ടായ കരുതലാണ് ഗുഡ് മോണിംഗ് എറണാകുളം,” ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.