കശുവണ്ടി ഉത്പന്നങ്ങൾ ഇനി കെ-സ്റ്റോറുകളിലും
കശുവണ്ടി ഉത്പന്നങ്ങൾ ഇനി കെ സ്റ്റോറുകളിലും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
കശുവണ്ടി ഉത്പന്നങ്ങൾ ഇനി കെ-സ്റ്റോറുകളിലും; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് കശുവണ്ടി വികസന കോർപ്പറേഷന്റെ ഉത്പന്നങ്ങൾ ഇനി കെ-സ്റ്റോറുകൾ വഴി വിപണിയിലെത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പുത്തൻനടയിലെ കെ-സ്റ്റോറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു.
ഗ്രാമപ്രദേശങ്ങളിലേക്ക് കെ-സ്റ്റോറുകൾ വ്യാപിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മതിയായ സൗകര്യങ്ങളുള്ള എല്ലാ റേഷൻ കടകളെയും കെ-സ്റ്റോറുകളായി ഉയർത്തും. ഇതോടൊപ്പം ബാങ്കിംഗ് സേവനങ്ങളും റേഷൻ കടകൾ വഴി ലഭ്യമാക്കുന്നതിനായി 19 ബാങ്കുകളുമായി സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. സബ്‌സിഡി ഉൽപ്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് വകുപ്പ് മുൻഗണന നൽകുന്നതെന്നും, കഴിഞ്ഞ ഉത്സവകാലത്ത് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ 300 കോടി രൂപയുടെ വിൽപന നടന്നതായും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ എ.കെ. ഹഫീസ് ആദ്യ വിൽപന നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, റേഷനിംഗ് കൺട്രോളർ സി.വി. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

