അന്ധവിശ്വാസം അമ്മയെ കൊലപ്പെടുത്തിയ മകൾ പിടിയിൽ

ജ്യോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. തുമകുരുവിലെ ക്യാത്സന്ദ്രയിലാണ് നടുക്കുന്ന സംഭവം നടന്നത്.

അന്ധവിശ്വാസം അമ്മയെ കൊലപ്പെടുത്തിയ മകൾ പിടിയിൽ
അന്ധവിശ്വാസം കൊലപാതകത്തിൽ കലാശിച്ചു; അമ്മയെ കൊലപ്പെടുത്തിയ മകൾ പിടിയിൽ.

പാരമ്പര്യമായി കിട്ടിയ വിശ്വാസം കൊലപാതകത്തിൽ കലാശിച്ചു: പിതാവിന്റെ മരണത്തിന് പ്രതികാരം; അമ്മയെ ശ്വാസംമുട്ടിച്ച് കൊന്നു

​തുമകുരു: അന്ധവിശ്വാസം ഒരു കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണമായ നടുക്കുന്ന വാർത്തയാണ് കർണാടകയിലെ തുമകുരുവിൽ നിന്ന് പുറത്തുവരുന്നത്. പിതാവിന്റെ മരണത്തിന് കാരണം അമ്മ നടത്തിയ ആഭിചാരക്രിയകളാണെന്ന ജ്യോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച് മകൾ സ്വന്തം അമ്മയെ കൊലപ്പെടുത്തി. തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പുഷ്പവതി (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ സുചിത്രയെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

​ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് മരിച്ചത്. പിതാവിന്റെ അകാല മരണത്തിൽ സംശയം തോന്നിയ സുചിത്ര മരണകാരണം തേടി ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു. അമ്മ നടത്തിയ ആഭിചാരക്രിയകളും ബ്ലാക്ക് മാജിക്കുമാണ് പിതാവിന്റെ മരണത്തിന് പിന്നിലെന്ന് ജ്യോത്സ്യൻ സുചിത്രയെ വിശ്വസിപ്പിച്ചു. ഇതോടെ അമ്മയോട് കടുത്ത പക തോന്നിയ സുചിത്ര, അവർ ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

​കൊലപാതകത്തിന് ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ സുചിത്ര ശ്രമിച്ചു. യാതൊരു സംശയത്തിനും ഇടനൽകാതെ സംസ്കാര ചടങ്ങുകൾ വേഗത്തിൽ നടത്താനും ഇവർ നീക്കം നടത്തി. എന്നാൽ സുചിത്രയുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സുചിത്രയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ സുചിത്രയുടെ ഭർത്താവിന് പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.