വയനാട്ടിൽ ഷിഗെല്ല ജാഗ്രത ജില്ലയിൽ ഒരാഴ്ച നീളുന്ന ക്ലോറിനേഷൻ ഡ്രൈവിന് തുടക്കം
വയനാട് ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി ഒരാഴ്ച നീളുന്ന അടിയന്തര ക്ലോറിനേഷൻ ഡ്രൈവ് ആരംഭിച്ചു. ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കിയതായി അധികൃതർ അറിയിച്ചു.
വയനാട്: വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി ഒരാഴ്ച നീളുന്ന പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് നടപ്പിലാക്കാൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് അടിയന്തര നടപടി. വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ച ഹോട്ടലുകൾ കണ്ടെത്തുകയും അവിടെ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്യും. വിവരം ലഭിച്ചയുടൻ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ താമസിക്കുന്ന മുഴുവൻ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ പരിശോധനയുണ്ടാകും.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗങ്ങൾ വിളിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വാർഡ് തലത്തിൽ യോഗം ചേർന്ന് കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും പൊതുസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താനുമുള്ള നടപടികൾ സ്വീകരിക്കും. ഹോട്ടലുകളിൽ ചൂടുവെള്ളവും പച്ചവെള്ളവും കൂട്ടിക്കലർത്തി നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും വ്യക്തി-പരിസര ശുചിത്വം കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഷിഗെല്ല രോഗബാധയെ സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യോഗത്തിൽ എം.എൽ.എ. ഉഷ വിജയൻ, എ.ഡി.എം. കെ. അജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൊയ്തീൻ ഷാ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, തഹസിൽദാർ എം.സി. രാകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. ദിനീഷ്, കോളേജ് പ്രിൻസിപ്പൽ എം. സരിത തുടങ്ങിയവർ സംബന്ധിച്ചു.