ദൃശ്യം 3 ആ അതിഥിയെ എന്നെന്നേക്കുമായി മടക്കി അയച്ചു ജോർജ്ജുകുട്ടി വരുന്നു നെഞ്ചിടിപ്പേറ്റുന്ന ടീസർ പുറത്ത്
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 ടീസർ പുറത്ത്. മെയ് 21 ന് ചിത്രം തീയേറ്ററുകളിലെത്തും. ജോർജ്ജുകുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
ദൃശ്യം 3: "ആ അതിഥിയെ എന്നെന്നേക്കുമായി മടക്കി അയച്ചു", ജോർജ്ജുകുട്ടി വരുന്നു; നെഞ്ചിടിപ്പേറ്റുന്ന ടീസർ പുറത്ത്!
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലർ സീരീസായ 'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ ആവേശകരമായ ടീസർ പുറത്തിറങ്ങി. "എന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു... കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ആ അതിഥിയെ എന്നെന്നേക്കുമായി മടക്കി അയച്ചു" എന്ന ജോർജ്ജുകുട്ടിയുടെ വാക്കുകൾ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജീത്തു ജോസഫിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ദൃശ്യം 3-ൽ, മുൻ ഭാഗങ്ങളെക്കാൾ വലിയൊരു സസ്പെൻസാണ് കാത്തിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. "സത്യത്തിൽ നമ്മൾ അയാളെയല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത്, അയാൾ നമ്മളെയാണ്" എന്ന രണ്ടാം ഭാഗത്തിലെ സംഭാഷണത്തിന് പിന്നാലെ, പുതിയ ടീസറിലെ ജോർജ്ജുകുട്ടിയുടെ കുറ്റബോധവും ഭയവും കലർന്ന വാക്കുകൾ പ്രേക്ഷകരിൽ ഉത്കണ്ഠ നിറയ്ക്കുന്നു.
"എനിക്ക് പേടിയാ സാറേ... ഇതുപോലെ ഇനി ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല" എന്ന ജോർജ്ജുകുട്ടിയുടെ വാക്കുകൾ മൂന്നാം ഭാഗത്തിൽ അയാൾ നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരനിരയും അണിനിരക്കുന്നുണ്ട്.
വാഴൂർ ജോസ് ആണ് ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും നിയമത്തിന് മുന്നിലെ അതിജീവനവും പ്രമേയമായ ദൃശ്യം 3, ഇക്കുറി എന്ത് മാജിക്കാകും കാഴ്ച്ചവെക്കുക എന്ന കാത്തിരിപ്പിലാണ് ആരാധകർ.