മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും, കാലിത്തീറ്റ വിലക്കയറ്റത്തിൽ കർശന ഇടപെടൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തെ പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് മൂന്ന് വർഷത്തിനുള്ളിൽ ഉൽപ്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം.

മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും, കാലിത്തീറ്റ വിലക്കയറ്റത്തിൽ കർശന ഇടപെടൽ മുഖ്യമന്ത്രി വി.ഡി. സതീശൻ
ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി വി.ഡി. സതീശൻ
മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും, കാലിത്തീറ്റ വിലക്കയറ്റത്തിൽ കർശന ഇടപെടൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

​മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു. തിരുവനന്തപുരത്തെ ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ക്ഷീരകർഷകരുടെയും സഹകരണ സംഘങ്ങളുടെയും പൂർണ്ണമായ പിന്തുണയും പങ്കാളിത്തവും ആവശ്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​നിലവിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം 70 ലക്ഷം ലിറ്ററാണ്. എന്നാൽ കേരളത്തിന്റെ പ്രതിദിന ആവശ്യം 86 ലക്ഷം ലിറ്ററാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിച്ച് പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം, പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

​കാലിത്തീറ്റ വിലക്കയറ്റത്തിൽ കർശന ഇടപെടൽ

ക്ഷീരകർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികൾ അന്യായമായി വില വർദ്ധിപ്പിച്ച് കർഷകരെ ചൂഷണം ചെയ്യുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വഴി കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുന്നതിനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

​വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. യു.എൻ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ പിന്തുണയ്ക്കുകയും ആദരിക്കുകയും വേണം. കുട്ടികളാണ് കൂടുതലായി പാൽ ഉപയോഗിക്കുന്നത് എന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. പാലിൽ മായം ചേർക്കുന്നത് കണ്ടെത്താൻ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശന പരിശോധനകൾ നടത്തും.

​നിലവിൽ അമ്പത് ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. പാൽ ഉൽപ്പാദനത്തിലെ പുരോഗതി ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. പാവപ്പെട്ട ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​ലക്ഷ്യം സ്വയംപര്യാപ്തത: മന്ത്രി ബിന്ദു കൃഷ്ണ

പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ മുഖ്യ അജണ്ടയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം പരമ്പരാഗതമായ പശുവളർത്തൽ രീതികളിൽ മാറ്റം വന്നിട്ടുണ്ട്. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയായിട്ടും ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ ക്ഷീരവികസന വകുപ്പും മിൽമയും സംയുക്തമായി ശക്തമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

​ഉൽപ്പാദന ചെലവിലെ വർദ്ധനവ്, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, വരുമാനക്കുറവ് തുടങ്ങിയ പ്രതിസന്ധികളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീകളടക്കമുള്ള സാധാരണ കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി അവതരണം നടത്തി. ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മിൽമ ചെയർപേഴ്‌സൺ കെ.എസ്. മണി, വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോ. സാബിൻ ജോർജ്, കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, കൗൺസിലർ രാഖി രവികുമാർ, വിവിധ സൊസൈറ്റി പ്രതിനിധികൾ, ക്ഷീരകർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.