കർഷകർക്ക് കടമാശ്വാസം, സിനിമകൾക്ക് 5 ഷോ; നിർണായക പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്
തമിഴ്‌നാട്ടിൽ ചെറുകിട കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഒപ്പം പുതിയ തമിഴ് സിനിമകൾക്ക് ദിവസം 5 പ്രദർശനങ്ങൾ നടത്താനും അനുമതി നൽകി
ചെന്നൈ: ഉന്നതതല യോഗത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു. സഹകരണ ബാങ്കുകൾ വഴി ചെറിയ തുക വായ്പയെടുത്ത കർഷകർക്കാണ് ഈ നടപടിയുടെ ആനുകൂല്യം ലഭിക്കുക. 2025 മേയ് 1 നും 2026 ഫെബ്രുവരി 28നും ഇടയിൽ വായ്പയെടുത്ത കർഷകർക്കാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കടമാശ്വാസ മാനദണ്ഡങ്ങൾ ഇങ്ങനെ:
അരലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത, രണ്ടരയേക്കറിൽ താഴെ കൃഷിയിടമുള്ള കർഷകരുടെ മുഴുവൻ കടവും എഴുതിത്തള്ളും.
ചെറുകിട കർഷകരിൽ അരലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത മറ്റുള്ളവർക്ക് 50 ശതമാനം വായ്പയാകും എഴുതിത്തള്ളുക.
50,000 രൂപയ്ക്ക് മുകളിൽ വായ്പയെടുത്തവരുടെ കടത്തിൽ ചട്ടങ്ങൾ പ്രകാരമായിരിക്കും ഇളവ്.
ഇളവുകളുടെ ഘടന:
₹50,001 - ₹60,000: 40,000 രൂപ ഇളവ്
₹60,001 - ₹70,000: 30,000 രൂപ ഇളവ്
₹70,001 - ₹80,000: 20,000 രൂപ ഇളവ്
₹80,001 - ₹1,00,000: 10,000 രൂപ ഇളവ്
₹1,00,000-ന് മുകളിൽ: 5,000 രൂപ ഇളവ്
അതേസമയം, സർക്കാരിന്റെ കടമാശ്വാസ മാനദണ്ഡങ്ങൾക്കെതിരെ കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അഞ്ചേക്കർ വരെ ഭൂമിയുള്ളവരുടെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളുമെന്നായിരുന്നു ടിവികെയുടെ (TVK) തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും, നിലവിലെ പ്രഖ്യാപനം കർഷകരെ വഞ്ചിക്കുന്നതാണെന്നും സംഘടനാ നേതാക്കൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിനിമകൾക്ക് അഞ്ച് പ്രദർശനങ്ങൾ
സംസ്ഥാനത്ത് പുതുതായി റിലീസ് ചെയ്യുന്ന തമിഴ് സിനിമകൾക്ക് ആദ്യ ആഴ്ചയ്ക്ക് ശേഷം ദിവസം അഞ്ച് പ്രദർശനങ്ങൾ നടത്തുവാൻ മുഖ്യമന്ത്രി വിജയ് അനുമതി നൽകി. നിലവിൽ നാല് പ്രദർശനങ്ങൾക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ഇതിനുപുറമേ, പ്രാദേശിക ഉത്സവ ദിവസങ്ങളിലും പൊതുഅവധികളിലും പ്രത്യേക പ്രദർശനങ്ങൾക്കും അനുമതിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ അറിയിച്ചു.