കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികൾ തിരഞ്ഞെടുപ്പ് തോൽവിയിൽ ആഞ്ഞടിച്ച് എം.എം. മണി

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിനും വോട്ടർമാർക്കുമെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി. തിരുത്തൽ നടപടികളുമായി പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികൾ തിരഞ്ഞെടുപ്പ് തോൽവിയിൽ ആഞ്ഞടിച്ച് എം.എം. മണി
എം.എം. മണി

​തിരഞ്ഞെടുപ്പ് തിരിച്ചടി പരിശോധിക്കും; മുണ്ടും മടക്കിക്കുത്തി ജനങ്ങളിലേക്കിറങ്ങുമെന്ന് എം.എം. മണി

​ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സി.പി.എം. മുതിർന്ന നേതാവ് എം.എം. മണി. തിരഞ്ഞെടുപ്പിൽ വ്യക്തമായ തിരിച്ചടിയുണ്ടായെന്നും പരാജയം സമ്മതിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഘടകകക്ഷികളുടെ അഭിപ്രായം തേടിയും അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെയും തിരുത്തൽ നടപടികൾ സ്വീകരിച്ച് ശക്തമായി മുന്നോട്ട് പോകുമെന്നും മണി കൂട്ടിച്ചേർത്തു.

​തിരഞ്ഞെടുപ്പ് പരാജയത്തെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തേണ്ട പാർട്ടിയല്ല സി.പി.എം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തുണ്ടായ പൊതുവായ തിരിച്ചടിയുടെ പ്രതിഫലനമാണ് ഇടുക്കിയിലും കണ്ടത്. ഭരണവിരുദ്ധ വികാരമാണോ പരാജയത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജനങ്ങൾക്കുണ്ടായ തെറ്റിദ്ധാരണകൾ എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

​"തിരഞ്ഞെടുപ്പ് തോറ്റെന്നത് വാസ്തവമാണ്, അത് ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഞങ്ങളല്ലാതെ മറ്റാരാണുള്ളത്? ഉമ്മൻചാണ്ടിയോ അതോ അദ്ദേഹത്തിന്റെ മകനോ? ഒരു പരാജയം കണ്ട് ഞങ്ങൾ പിന്മാറില്ല. മുണ്ടും മടക്കിക്കുത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും," മണി പറഞ്ഞു. കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വോട്ടെണ്ണും മുൻപേ തർക്കം തുടങ്ങിയ പാർട്ടിയെക്കുറിച്ച് എന്ത് പറയാനാണെന്നും അദ്ദേഹം പരിഹസിച്ചു.