റാപ്പർ വേടന്റെ പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് സുവോളജി ലാബ് സ്ഥിരീകരിച്ചു, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും
പ്രശസ്ത മലയാളി റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് കൊൽക്കത്തയിലെ സുവോളജി ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു. വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
റാപ്പർ വേടന്റെ പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് എന്ന് സ്ഥിരീകരണം; വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും
കൊച്ചി: പ്രശസ്ത മലയാളി റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ലാബ് റിപ്പോർട്ട് ലഭിച്ചതോടെ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
വേടൻ ധരിച്ചിരുന്ന മാലയിലെ പല്ല് പുലിയുടേത് തന്നെയെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ കൃത്യമായ ശാസ്ത്രീയ തെളിവ് ഉറപ്പാക്കുന്നതിനാണ് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ കൊൽക്കത്തയിലെ സുവോളജി ലാബിലേക്ക് അയച്ചത്.
ലഹരിമരുന്ന് വേട്ടയ്ക്കിടെ കുടുങ്ങി പുലിപ്പല്ല് മാല
കഴിഞ്ഞ വർഷം ഏപ്രിലിൽ തൃപ്പൂണിത്തുറയിലുള്ള വേടന്റെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ പുലിപ്പല്ല് മാല കണ്ടെത്തുന്നത്. അന്ന് ആറ് ഗ്രാം കഞ്ചാവുമായി വേടനടക്കം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ റെയ്ഡിനിടെയാണ് വേടൻ ധരിച്ചിരുന്ന മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാഴ്ചയിൽ പുലിപ്പല്ലാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് പോലീസ് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് എത്തി മാല കസ്റ്റഡിയിലെടുത്തു.
ആരാധകൻ സമ്മാനിച്ചതെന്ന് മൊഴി
വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്, തനിക്ക് ഈ മാല ഒരു ആരാധകൻ സമ്മാനിച്ചതാണെന്നാണ് വേടൻ മൊഴി നൽകിയിട്ടുള്ളത്. 2022-ൽ ചെന്നൈയിൽ നടന്ന ഒരു മ്യൂസിക് ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് ഇത് തനിക്ക് നൽകിയതെന്നാണ് വേടന്റെ വാദം.
സമൂഹമാധ്യമങ്ങൾ വഴിയാണ് രഞ്ജിത്തുമായി വേടൻ സൗഹൃദത്തിലാകുന്നത്. ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ, വനംവകുപ്പിന്റെ അടുത്ത നീക്കങ്ങൾ വേടന് നിർണായകമാകും.