രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ കുഞ്ഞികൃഷ്ണനെതിരെ നടപടിക്ക് സാധ്യത

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ; കുഞ്ഞികൃഷ്ണനെതിരെ നടപടിക്ക് സാധ്യത

​തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫണ്ട് വിവാദത്തിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്.

​വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും എം.വി. ഗോവിന്ദൻ നൽകി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും. നിലവിൽ വിഷയത്തിൽ ജില്ലാ സെക്രട്ടറിക്ക് വ്യക്തമായ ധാരണയുണ്ട്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് പൊലീസിനെ സമീപിക്കാവുന്നതാണ്. എന്നാൽ സംഘടനാപരമായ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ലെന്നും, സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സാഹചര്യമുണ്ടായാൽ അപ്പോൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സർക്കാരിനെതിരായ വികാരം ജനങ്ങൾക്കിടയിലില്ല

സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് വ്യക്തമാകുന്നത് സർക്കാരിനെതിരെ ജനവികാരമില്ലെന്നാണ്. യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കള്ളക്കഥകൾ ജനങ്ങൾ തള്ളിക്കളയുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രിക ജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും തയ്യാറാക്കുക. ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആയുധം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.

​പ്രധാനമന്ത്രിക്കെതിരെ വിമർശനം

തിരുവനന്തപുരത്തിന്റെ വികസനത്തിനായി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് വന്ന പ്രധാനമന്ത്രി ഒന്നും പ്രഖ്യാപിക്കാതെ മടങ്ങിയത് നിരാശാജനകമാണ്. കേരളത്തിന് അതിവേഗ പാത അത്യന്താപേക്ഷിതമാണെന്നും അതിനായി സർക്കാർ എല്ലാ വഴികളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

​മതനിരപേക്ഷതയിൽ സി.പി.എം വിട്ടുവീഴ്ച ചെയ്യില്ല. സജി ചെറിയാന്റെ വിവാദ പരാമർശം പാർട്ടി നിർദ്ദേശപ്രകാരമല്ലെന്നും അദ്ദേഹത്തെ പാർട്ടി താക്കീത് ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടതിൽ യു.ഡി.എഫ് മറുപടി പറയണമെന്നും അക്കാര്യം ചർച്ചയാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു.