ഹരീഷ് കണാരന്റെ ആരോപണങ്ങൾ തള്ളി ബാദുഷ
ഹരീഷ് കണാരന്റെ ആരോപണങ്ങൾ തള്ളി ബാദുഷ വാങ്ങിയത് 14 ലക്ഷം 7 ലക്ഷം നൽകി, ബാക്കി തുക കമ്മീഷനായി കണക്കാക്കി
ഹരീഷ് കണാരന്റെ ആരോപണങ്ങൾ തള്ളി ബാദുഷ; "വാങ്ങിയത് 14 ലക്ഷം, 7 ലക്ഷം നൽകി, ബാക്കി തുക കമ്മീഷനായി കണക്കാക്കി"
കൊച്ചി: നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക-തൊഴിൽപരമായ ആരോപണങ്ങൾ നിഷേധിച്ച് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷ. ഹരീഷിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി എന്ന വാദം തെറ്റാണെന്നും 14 ലക്ഷം രൂപയാണ് വാങ്ങിയതെന്നും ബാദുഷ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ ഏഴ് ലക്ഷത്തോളം രൂപ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക കഴിഞ്ഞ അഞ്ച് വർഷമായി ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റുകൾ മാനേജ് ചെയ്തതിന്റെ പ്രതിഫലമായി (കമ്മീഷൻ) കണക്കാക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
ബാദുഷയുടെ പ്രധാന വിശദീകരണങ്ങൾ:
അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന ആരോപണം: 'എആർഎം' (ARM) സിനിമയിൽ നിന്ന് ഹരീഷ് പുറത്തായത് ഉയർന്ന പ്രതിഫലം ചോദിച്ചതിനാലാണ്. നിർമാതാവ് 5 ലക്ഷം വാഗ്ദാനം ചെയ്തപ്പോൾ ഹരീഷ് 15 ലക്ഷം വേണമെന്ന് നിർബന്ധം പിടിച്ചു. 'ആശകൾ ആയിരം' എന്ന ചിത്രത്തിൽ ജൂഡ് ആന്തണിയോട് പറഞ്ഞ് വേഷം വാങ്ങി നൽകിയെങ്കിലും വിദേശത്തെ സ്റ്റേജ് ഷോ കാരണം ഹരീഷിന് എത്താൻ സാധിച്ചില്ല.
സാമ്പത്തിക ഇടപാട്: താൻ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന സമയത്താണ് ഹരീഷിനോട് പണം ചോദിച്ചത്. 14 ലക്ഷം വാങ്ങിയതിന് ബാങ്ക് രേഖകളുണ്ട്. പകുതിയോളം തുക നൽകി. ബാക്കി തുകയ്ക്ക് പകരമായി താൻ ചെയ്ത ജോലിക്ക് പ്രതിഫലം ചോദിക്കാൻ ഹരീഷ് തയ്യാറായില്ല.
സൈബർ ആക്രമണം: ഈ ആരോപണങ്ങൾ തന്റെ കുടുംബത്തെ തകർത്തു. മകനും മകൾക്കും നേരെ സൈബർ ആക്രമണമുണ്ടായി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.
ഗൂഢാലോചന: പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന സമയത്താണ് ഈ ആരോപണം വന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഹരീഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ഹരീഷിന്റെ സ്വഭാവദൂഷ്യം കാരണമാണ് അദ്ദേഹത്തിന് അവസരങ്ങൾ കുറയുന്നതെന്നും, പുതിയ ആളുകൾ വരുമ്പോൾ പഴയവർ മാറിക്കൊടുക്കണമെന്നും ബാദുഷ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ അഭിഭാഷകനുമായി ആലോചിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ബാദുഷയുടെ തീരുമാനം.

