മഹാസമ്മേളനം വിജയും മോഹൻലാലും പങ്കെടുക്കും നടൻ കുഞ്ചാക്കോ ബോബൻ തൂഫാൻ വാരിയർ ബാഡ്ജ് അണിയിച്ച് മന്ത്രി രമേശ് ചെന്നിത്തല
കേരളത്തിൽ ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ആരംഭിച്ച് 50 ദിവസം പിന്നിടുമ്പോൾ 8,835 പേർ അറസ്റ്റിൽ. ലഹരി മാഫിയയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴ: ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടായ 'ഓപ്പറേഷൻ തൂഫാൻ' ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ ശക്തമായി തുടരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള ജനത നെഞ്ചിലേറ്റിയ ഈ പദ്ധതിയിലൂടെ ലഹരിയുടെ ഉറവിടങ്ങൾ തേടിപ്പിടിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച തൂഫാൻ ജാഗരൺ പരിപാടിയുടെ തൂഫാൻ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
50 ദിവസത്തിനിടെ 8,835 അറസ്റ്റുകൾ
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 50 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 8,215 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 8,835 പേർ അറസ്റ്റിലായിട്ടുണ്ട്. ഈ കാലയളവിൽ 6.6 കിലോ എം.ഡി.എം.എ., 754 കിലോഗ്രാം കഞ്ചാവ്, 295 ഗ്രാം ഹെറോയിൻ എന്നിവയുൾപ്പെടെ നിരവധി നിരോധിത ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്തതായി മന്ത്രി അറിയിച്ചു.
കോൺസ്റ്റബിൾ മുതൽ ഡി.ജി.പി. വരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതാണ് ഈ ദൗത്യത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 'തൂഫാൻ കെയറി'ന്റെ ഭാഗമായി കേരളത്തിലെ 35 ആശുപത്രികൾ സൗജന്യ ചികിത്സ നൽകാൻ പൊലീസുമായി ധാരണയിലെത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് അതിർത്തികളിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
കൊച്ചിയിൽ മഹാസമ്മേളനം; വിജയും മോഹൻലാലും പങ്കെടുക്കും
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ വൻതോതിൽ ജനപങ്കാളിത്തത്തോടെ മഹാസമ്മേളനം സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയും മലയാള ചലച്ചിത്രതാരം മോഹൻലാലും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ലഹരിപദാർത്ഥങ്ങളോട് 'നോ' എന്ന് പറയാനുള്ള ധൈർ്യം യുവാക്കൾ കാണിക്കണമെന്നും വരും തലമുറയെ സംരക്ഷിക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിലെ മറ്റ് പ്രധാന സാന്നിധ്യങ്ങൾ
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരി മാഫിയക്കെതിരെയുള്ള സന്ധിയില്ലാത്ത യുദ്ധമാണ് തൂഫാനെന്നും നാടിനെ ലഹരിമുക്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നും അവർ പറഞ്ഞു. എ.ഡി. തോമസ് എം.എൽ.എ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബനെ 'തൂഫാൻ വാരിയറാ'യി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിന്റെ വിപത്തുകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.
റെജി ചെറിയാൻ എം.എൽ.എ., ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ഷാജി വി. നായർ, ഡി.ഐ.ജി. യതീഷ് ചന്ദ്ര, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ്, ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനപറമ്പിൽ, മുൻ എം.എൽ.എ.മാരായ എ.എ. ഷുക്കൂർ, ബാബു പ്രസാദ്, ജനപ്രതിനിധികൾ, തൂഫാൻ വാരിയേഴ്സ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.