സ്വകാര്യ ബസുകളിൽ എംവിഡി മിന്നൽ പരിശോധന 81 ബസുകൾക്കെതിരെ നടപടി, 1.21 ലക്ഷം രൂപ പിഴ
കൊച്ചി നഗരത്തിലെ അശ്രദ്ധമായ ബസ് ഡ്രൈവിംഗിനും നിയമലംഘനങ്ങൾക്കുമെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. 81 സ്വകാര്യ ബസുകളിൽ നിന്നായി 1.21 ലക്ഷം രൂപ പിഴ ഈടാക്കി.
എറണാകുളം നഗരത്തിൽ സ്വകാര്യ ബസുകളിൽ എംവിഡി മിന്നൽ പരിശോധന; 81 ബസുകൾക്കെതിരെ കേസ്, 1.21 ലക്ഷം രൂപ പിഴ
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ അനാസ്ഥയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനുമെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എംവിഡി എൻഫോഴ്സ്‌മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ 81 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. പരിശോധനയിൽ ആകെ 1,21,250 രൂപ പിഴയായി ഈടാക്കി.
റോഡുകളിൽ വർധിച്ചുവരുന്ന അപകടകരമായ ഡ്രൈവിംഗ്, ഡ്രൈവർമാരുടെ മോശം പെരുമാറ്റം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. എൻഫോഴ്സ്‌മെൻ്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് നഗരത്തിലെ പ്രധാന മേഖല കേന്ദ്രീകരിച്ചായിരുന്നു എംവിഡിയുടെ നീക്കം.
ആലുവ, കളമശ്ശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പനമ്പിള്ളി നഗർ, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ആകെ 110 ബസുകൾ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ 81 എണ്ണത്തിനെതിരെയും ഇ-ചെല്ലാൻ വഴി കേസ് രജിസ്റ്റർ ചെയ്തു.
റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തൽ, സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, ഔദ്യോഗിക കണ്ടക്ടർ ലൈസൻസില്ലാതെ ജോലി ചെയ്യൽ എന്നിവയ്ക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന വിധത്തിലും ഉച്ചത്തിൽ പാട്ട് വെച്ച് മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച ബസുകൾക്കെതിരെയും കേസ് ചുമത്തിയിട്ടുണ്ട്.
റോഡിന് നടുവിൽ ബസ് നിർത്തി പൊതുജനങ്ങൾക്ക് ഗതാഗത തടസ്സം സൃഷ്ടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ മുന്നറിയിപ്പ് നൽകി. പെഡസ്ട്രിയൻ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ അലക്ഷ്യമായി വാഹനം മുന്നോട്ട് എടുക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.