തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതി: ഭൂമി ഏറ്റെടുക്കൽ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ടി.ജെ. വിനോദ്

കൊച്ചിയിലെ തമ്മനം പുല്ലേപ്പടി റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി പി.കെ. ബഷീർ മറുപടി നൽകി.

തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതി: ഭൂമി ഏറ്റെടുക്കൽ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ടി.ജെ. വിനോദ്
തമ്മനം-പുല്ലേപ്പടി റോഡ് വികസനം ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം നിയമസഭയിൽ സബ്മിഷനുമായി ടി.ജെ. വിനോദ് എം.എൽ.എ

​തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതി: ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ; നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി പി.കെ. ബഷീർ

എറണാകുളം ​: എറണാകുളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകുന്ന തമ്മനം–പുല്ലേപ്പടി റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് വേഗത്തിൽ കടക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ഉന്നയിച്ച സബ്മിഷന്, പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ മറുപടി നൽകി.

​എം.ജി. റോഡിലെ പത്മ ജംഗ്ഷനിൽ നിന്ന് ചക്കരപ്പറമ്പ് ദേശീയപാത 66 വരെ ബന്ധിപ്പിക്കുന്ന 3.68 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പദ്ധതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പരിഗണനയിലുള്ളതാണെന്ന് ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. 2016-17 കാലഘട്ടത്തിലാണ് പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയത്.

​ഭൂമി ഏറ്റെടുക്കലിലെ പ്രതിസന്ധികൾ

​1998-ൽ റോഡ് വികസനത്തിനായുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചപ്പോൾ കൊച്ചി കോർപ്പറേഷൻ എഫ്.എ.ആർ (FAR) ആനുകൂല്യം നൽകിയാണ് ഭൂവുടമകളിൽ നിന്ന് സൗജന്യമായി ഭൂമി ഏറ്റെടുത്തത്. ഇതിലൂടെ എളംകുളം, പൂണിത്തുറ, എറണാകുളം വില്ലേജുകളിലായി 83 വ്യക്തികളിൽ നിന്ന് 102.41 ആർ (253.11 സെന്റ്) ഭൂമി ലഭിച്ചിരുന്നു. കൂടാതെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി അനുവദിച്ച 25 കോടി രൂപ ഉപയോഗിച്ച് 111.41 ആർ ഭൂമിയും ഏറ്റെടുത്തു.

​എന്നാൽ, പദ്ധതി കിഫ്ബി ഏറ്റെടുത്ത് നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി) കൈമാറിയെങ്കിലും ഇപ്പോഴും ഏകദേശം 500 കൈവശക്കാരിൽ നിന്നായി 3.65 ഹെക്ടർ (9 ഏക്കറോളം) ഭൂമി കൂടി ഏറ്റെടുക്കാനുണ്ടെന്ന് എം.എൽ.എ സഭയെ അറിയിച്ചു.

​അലൈൻമെന്റ് നിശ്ചയിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചെങ്കിലും, റിയൽ ടൈം കൈനമാറ്റിക് (RTK) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ പൂർത്തിയാകാത്തതിനാൽ ഭൂമിയുടെ മൂല്യനിർണയം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനായി 5 സർവേയർമാരെയും ഒരു ഡ്രാഫ്റ്റ്സ്മാനെയും നിയമിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകാത്തതാണ് സർവേ വൈകാൻ കാരണം. ഇത് മൂലം 11(1) വിജ്ഞാപനവും, നഷ്ടപരിഹാര വിതരണത്തിനുള്ള 19(1) വിജ്ഞാപനവും പുറപ്പെടുവിക്കാൻ കാലതാമസം നേരിടുകയാണെന്നും ടി.ജെ. വിനോദ് വ്യക്തമാക്കി.

​നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി

​സബ്മിഷന് മറുപടിയായി, പദ്ധതിക്കായി 2017-ൽ 100 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കിഫ്ബി വഴി 93.89 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.

​നിലവിൽ അലൈൻമെന്റ് പ്രകാരമുള്ള ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് 19(1) വിജ്ഞാപനം പുറപ്പെടുവിക്കാൻ പൊതുമരാമത്ത്-റവന്യൂ വകുപ്പുകൾ സംയുക്തമായി ശ്രമിച്ചുവരികയാണ്. ജില്ലാ കളക്ടർ മുഖേന സർവേ നടപടികൾക്കുള്ള റവന്യൂ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയോഗിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി സഭയ്ക്ക് ഉറപ്പുനൽകി.