ശബരിമലയിൽ വൻ സാമ്പത്തിക ക്രമക്കേട് 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി

ശബരിമല ക്ഷേത്ര ഭരണത്തിലും വഴിപാട് നടത്തിപ്പിലും വൻ സാമ്പത്തിക ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കേരള ഹൈക്കോടതി നിർദേശം നൽകി.

ശബരിമലയിൽ വൻ സാമ്പത്തിക ക്രമക്കേട് 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി
ശബരിമലയിൽ വൻ സാമ്പത്തിക ക്രമക്കേട്; 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി

ശബരിമലയിലെ സാമ്പത്തിക ക്രമക്കേട്: കർശന നടപടിയുമായി ഹൈക്കോടതി; 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഉത്തരവ്

ശബരിമല: ശബരിമല ക്ഷേത്ര ഭരണത്തിലും അഷ്ടാഭിഷേകം അടക്കമുള്ള പൂജകളുടെ നടത്തിപ്പിലും സാമ്പത്തിക കാര്യങ്ങളിലും വൻ ക്രമക്കേടുകളും സുതാര്യതക്കുറവുമുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം, മറ്റ് വഴിപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 10 ദിവസത്തിനകം ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി കർശന നിർദേശം നൽകി.

​ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് വീണ്ടും ഈ മാസം 19-ന് പരിഗണിക്കും.

​സ്പോൺസർഷിപ്പിലും പർച്ചേസിലും വൻ അഴിമതി

​സുനിൽ സ്വാമി എന്ന സുനിൽ കുമാറോ മറ്റ് സ്പോൺസർമാറോ നൽകിയ സാധനങ്ങളുടെ പൂർണ വിവരങ്ങളും അവയുടെ റജിസ്റ്ററുകൾ, രസീതുകൾ, സ്റ്റോക്ക് രേഖകളും കോടതിയിൽ സമർപ്പിക്കണം. സുനിൽ കുമാർ മാസപൂജകൾക്ക് ഏകദേശം 3 ലക്ഷം രൂപയുടെയും മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഏകദേശം 18 ലക്ഷം രൂപയുടെയും പൂജാസാധനങ്ങൾ വിതരണം ചെയ്തതിൽ വൻ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. വർഷങ്ങളായി യാതൊരുവിധ സുതാര്യതയുമില്ലാതെ ഒരേ വ്യക്തിയിൽ നിന്ന് മാത്രം സാധനങ്ങൾ സ്വീകരിക്കുന്നത് ഭരണപരമായ ദുരുപയോഗത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.

​മാസപൂജയ്ക്ക് 20 ചാക്ക് ശർക്കരയും തീർഥാടന കാലത്ത് 210 ചാക്ക് ശർക്കരയും ഇയാൾ നൽകുന്നുണ്ട്. ദേവസ്വം ബോർഡ് ഉത്തരവ് പ്രകാരം ഫോം നമ്പർ 3-ൽ രസീത് നൽകണമെന്നും പ്രത്യേക നിവേദ്യ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിയമമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. വിജിലൻസ് പരിശോധിച്ച പർച്ചേസ് ബില്ലുകളിൽ കടകളിൽ നിന്നുള്ള യഥാർഥ ബില്ലുകൾ ഉണ്ടായിരുന്നില്ലെന്നും വെറും അളവുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

​ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി കോടതി

​അഷ്ടാഭിഷേകം ഒന്നിന് 300 രൂപ വീതം സപ്ലയർ ചെലവെന്ന പേരിൽ കൃത്യമായ ബില്ലുകളോ വൗച്ചറുകളോ പർച്ചേസ് രേഖകളോ ഇല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കൈപ്പറ്റുന്നതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വഴിപാട് സാധനങ്ങൾ വാങ്ങുമ്പോൾ സബ് ഗ്രൂപ്പ് ഓഫീസർക്കോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കോ കേരള ഫിനാൻഷ്യൽ കോഡോ പർച്ചേസ് മാനുവലോ ബാധകമല്ലെന്ന ബോർഡിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭക്തരുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ബോർഡിന് സാമ്പത്തിക നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായ ഇളവ് നേടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

​വഴിപാട് സാധനങ്ങൾ പെട്ടെന്ന് കേടാകുന്നവ ആയതിനാൽ ബില്ലുകൾ വാങ്ങുന്നത് പ്രായോഗികമല്ലെന്ന വാദം പൊതു സാമ്പത്തിക ഭരണ തത്വങ്ങൾക്ക് വിരുദ്ധമാണ്. പർച്ചേസ്, സംഭരണം, പരിശോധന, അക്കൗണ്ടിങ് എന്നിവയെല്ലാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഒരൊറ്റ ആളിൽ തന്നെ കേന്ദ്രീകരിക്കുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിമാറ്റുമെന്നും കോടതി ചൂണ്ടിക്കാട്ടി.

​സ്വതന്ത്ര ഓഡിറ്റിന് നിർദേശം

​ബോർഡിന്റെ മുൻകാല അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത സ്വതന്ത്ര ഓഡിറ്ററുടെയോ ബാഹ്യ ഏജൻസിയുടെയോ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളുടെ സോഫ്റ്റ് കോപ്പികളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന ഈ രേഖകൾ സ്വതന്ത്രമായി പരിശോധിച്ച് നിലവിലെ സാമ്പത്തിക നടത്തിപ്പ് രീതികൾ സുതാര്യമാണോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് കോടതി നിർദേശം നൽകി. കഴിഞ്ഞ 10 വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ എന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരെല്ലാമെന്നും കണ്ടെത്താൻ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്