സ്കൂൾ തുറക്കും മുൻപ് സുരക്ഷ ഉറപ്പാക്കണം മഴക്കാല മുന്നൊരുക്കങ്ങൾ ഊർജിതമാക്കി വയനാട്
വയനാട്ടിൽ മഴക്കാലത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.
വയനാട്: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവ്വഹിക്കേണ്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കളക്ടറേറ്റ് എ.പി.ജെ. ഹാളിൽ വകുപ്പ് മേധാവികൾക്കായി സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ജില്ലയിൽ വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി. മഴക്കാലത്ത് പകര്‍ച്ചവ്യാധി കൊണ്ടോ, മുങ്ങിമരണങ്ങള്‍ കൊണ്ടോ, മണ്ണിടിച്ചില്‍ മൂലമോ ഒരാള്‍ പോലും മരിക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ വേണം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ. ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖയായ 'ഓറഞ്ച് ബുക്കിലെ' നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
പ്രധാന തീരുമാനങ്ങൾ:
സ്കൂൾ സുരക്ഷ: സ്കൂളുകൾ തുറക്കുന്നതിന് മുൻപായി കുടിവെള്ള സ്രോതസ്സുകൾ, ടാങ്കുകൾ, ടോയ്ലറ്റുകൾ എന്നിവ ശുചീകരിക്കണം. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും വേണം.
മാപ്പിംഗ്: കനത്ത മഴ പെയ്താൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ മുൻകൂട്ടി കണ്ട് മാപ്പിംഗ് നടത്തണം.
ശുചീകരണം: പുഴകളുടെയും കനാലുകളുടെയും ശുചീകരണം, അഴുക്കുചാൽ വൃത്തിയാക്കൽ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.
അപകട ഭീഷണി: ശക്തമായ കാറ്റിലും മഴയിലും വീഴാൻ സാധ്യതയുള്ള ഹോർഡിംഗുകളും മറ്റ് നിർമ്മിതികളും നീക്കം ചെയ്യണം. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശ സ്ഥാപനങ്ങളിൽ ട്രീ കമ്മിറ്റികൾ കൂടണം.
ഓരോ പഞ്ചായത്തിലും കൃത്യമായ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ഷൻ പ്ലാൻ ഉണ്ടായിരിക്കണമെന്നും കളക്ടർ അറിയിച്ചു. യോഗത്തിൽ സബ് കളക്ടർ അതുൽ സാഗർ, എ.ഡി.എം എ. ജയശ്രീ, ഡെപ്യൂട്ടി കളക്ടർ എം.കെ ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.