പുതുക്കാട്ട് കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി വഴിയാത്രക്കാരി മരിച്ചു
പുതുക്കാട്ട് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വഴിയാത്രക്കാരി മരിച്ചു. മകളെ യാത്രയാക്കാൻ എത്തിയ യുവതിയാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
തൃശൂർ: പുതുക്കാട്ട് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.
ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മകളെ യാത്രയാക്കാനെത്തിയ സിന്ധു സ്‌കൂട്ടറിനടുത്തേക്ക് മടങ്ങിപ്പോകുന്നതിനിടയിലാണ് ബസ് ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ അവർ മരണപ്പെട്ടു. പാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്.
പുതുക്കാട് ഡിപ്പോയിൽ നിന്ന് ചാലക്കുടിയിലേക്കു സർവീസ് നടത്താൻ വാഹനം എടുത്തതിനു പിന്നാലെയാണ് അപകടമുണ്ടായത്. അപകടസമയത്ത് ഡ്രൈവർ സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ബസ് ഡ്രൈവറായ എറണാകുളം പുത്തൻകുരിശ് വടവുകോട് സ്വദേശി സി.കെ.ബാബുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും, പിന്നീട് കൂടുതൽ ചികിത്സയ്ക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസിൽ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ ദാരുണമായി അന്ത്യം സംഭവിച്ച സിന്ധുവിന്റെ സംസ്കാരം നടന്നു. ഭർത്താവ്: റോയ്‌സൺ. മക്കൾ: ആൻമരിയ, ആരോൺ.