കൗൺസിലർ സുഗതന് അവധി നൽകാൻ കത്തുനൽകിയ അണ്ടർ സെക്രട്ടറി സസ്പെൻഷനിൽ
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിൽ ഫയൽ തിരിമറി നടത്തിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു. മന്ത്രിയുടെയും സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് ഇവർ കത്ത് നൽകിയത്.
കാപ്പാ കേസിൽ ജയിലിൽ; കൗൺസിലർ സുഗതന് അവധി നൽകാൻ കത്തുനൽകിയ ഉദ്യോഗസ്ഥ സസ്പെൻഷനിൽ
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഫയലിൽ വീഴ്ച വരുത്തിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സുഗതന് അവധിക്കുള്ള വഴി ഒരുക്കുന്നതിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രയ്ക്കെതിരെ വകുപ്പ്തല അന്വേഷണം നടന്നിരുന്നു. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
വിഷയത്തിൽ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലെ കോൺഗ്രസ് കക്ഷി നേതാവ് കെ.എസ്. ശബരീനാഥൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ നേരിൽ കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പുതല നടപടി വേഗത്തിലായത്. തദ്ദേശ വകുപ്പ് മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും കടുത്ത എതിർപ്പുകളെ പൂർണ്ണമായും മറികടന്നാണ് അണ്ടർ സെക്രട്ടറി സുഗതന് അവധിക്ക് അനുകൂലമായ മറുപടിക്കത്ത് നൽകിയത് എന്നാണ് പ്രധാന കണ്ടെത്തൽ.