കർക്കിടക വിഭവങ്ങളുമായി അഞ്ചുദിന പത്തില കർക്കിടക ഫെസ്റ്റ് ആരംഭിച്ചു

എറണാകുളം കളക്ട്രേറ്റ് അങ്കണത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന അഞ്ചുദിന പത്തില കർക്കിടക ഫെസ്റ്റ് 2026 ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 7 വരെയാണ് മേള നടക്കുന്നത്.

കർക്കിടക വിഭവങ്ങളുമായി അഞ്ചുദിന പത്തില കർക്കിടക ഫെസ്റ്റ് ആരംഭിച്ചു
കുടുംബശ്രീ പത്തില കർക്കിടക ഫെസ്റ്റ് ജില്ലാ കളക്ടർ ജി .പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി എം റെജീന സമീപം

കർക്കിടക വിഭവങ്ങളുമായി അഞ്ചുദിന 'പത്തില കർക്കിടക ഫെസ്റ്റ്' ആരംഭിച്ചു

എറണാകുളം:കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന അഞ്ചുദിന 'പത്തില കർക്കിടക ഫെസ്റ്റ് 2026' എറണാകുളം കളക്ട്രേറ്റ് അങ്കണത്തിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.  ആഗസ്റ്റ് 3 മുതൽ 7 വരെ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് മേള. കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന  വൈവിധ്യമാർന്ന  കർക്കിടക ഭക്ഷ്യവിഭവങ്ങൾ, ഔഷധഗുണമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കർക്കിടക കഞ്ഞിക്കൂട്ട്, ഔഷധപാനീയങ്ങൾ, വിവിധ നാടൻ പലഹാരങ്ങൾ, ആരോഗ്യ സംരക്ഷണത്തിന് സഹായകമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഞവരയരി, വിവിധതരം സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ ഔഷധസസ്യങ്ങളുടെ വേരുകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന മരുന്നുകഞ്ഞി ഉൾപ്പെടെ നിരവധി പരമ്പരാഗത കർക്കിടക വിഭവങ്ങൾ മേളയിൽ ലഭ്യമാണ്.

കർക്കിടക മാസവുമായി ബന്ധപ്പെട്ട തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി. എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർമാരായ കെ. സി. അനുമോൾ, കെ. ആർ. രജിത, ജില്ലാ പ്രോഗ്രാം മാനേജർ സൈത്തു മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.