ലഹരിക്ക് അടിമയായ 16 കാരന്റെ ക്രൂരത

കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നത് കൈകൾ കെട്ടിയിട്ട് 16 കാരൻ പിടിയിൽ

ലഹരിക്ക് അടിമയായ 16 കാരന്റെ ക്രൂരത
ലഹരിക്ക് അടിമയായ 16-കാരന്റെ ക്രൂരത

കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നത് കൈകൾ കെട്ടിയിട്ട്; 16-കാരൻ പിടിയിൽ

​മലപ്പുറം: കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായ പതിനാറുകാരൻ പെൺകുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി മാരകമായ ലഹരിമരുന്നുകൾക്ക് അടിമയാണെന്നും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

​വാണിയമ്പലം-തൊടിയപ്പുലം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറ്റിക്കാട്ടിൽ വെച്ചാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. പെൺകുട്ടിയുടെ കൈകൾ സ്വന്തം വസ്ത്രം ഉപയോഗിച്ച് പുറകിലേക്ക് കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് മരണം ഉറപ്പാക്കിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

​മൊഴികളിലെ വൈരുദ്ധ്യം കുടുക്കായി

വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി സുഹൃത്തായ പ്രതിക്കൊപ്പമാണ് പോയത്. തൊടിയപ്പുലത്ത് എത്തിയ ശേഷം ഉടൻ വീട്ടിലെത്തുമെന്ന് പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നതെന്ന് കരുതപ്പെടുന്നു. കൃത്യത്തിന് ശേഷം കൈകളിൽ രക്തക്കറയുമായി സമീപത്തെ വീട്ടിലെത്തി പ്രതി വെള്ളം ചോദിച്ചിരുന്നു. വീണതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.

​പെൺകുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മൃതദേഹം കണ്ട വിവരം പോലീസിനെ ആദ്യം അറിയിച്ചതും പ്രതി തന്നെയായിരുന്നു. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിക്ക് പെൺകുട്ടിയോടും കുടുംബത്തോടും മുൻവൈരാഗ്യം ഉണ്ടായിരുന്നതായും സൂചനയുണ്ട്.