ചോര തിളയ്ക്കുന്ന ആക്ഷനുമായി ആന്റണി പെപ്പെ A സർട്ടിഫിക്കറ്റോടെ കാട്ടാളൻ മെയ് 28 ന് തിയേറ്ററുകളിലേക്ക്
ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് (പെപ്പെ) ചിത്രം കാട്ടാളൻ മെയ് 28 ന് ലോകമെമ്പാടും റിലീസ് ചെയ്യും. A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ
ആക്ഷൻ വിസ്മയവുമായി ആന്റണി പെപ്പെ; 'കാട്ടാളൻ' മെയ് 28-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന
കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആന്റണി വർഗീസ് (പെപ്പെ) ചിത്രം ‘കാട്ടാളൻ’ സെൻസറിംഗ് പൂർത്തിയായി. 'A' (ആക്ഷൻ) സർട്ടിഫിക്കറ്റോടെ എത്തുന്ന ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'A for Action' എന്ന ശക്തമായ ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'മാർക്കോ' എന്ന ചിത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിൽ പുതിയ തരംഗം സൃഷ്ടിച്ച പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോൾ ജോർജ് ആണ് സംവിധാനം.
യുവജനങ്ങളെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസികമായ പോരാട്ട വീര്യമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിലെ ആനയെ തളച്ച് അതിന്റെ മസ്തകം വെട്ടിപ്പിളർന്ന് പോരാട്ടം നടത്തുന്ന ആന്റണി പെപ്പെയുടെ അതിസാഹസിക രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ആന്റണി വർഗീസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും 'കാട്ടാളൻ' എന്നാണ് വിലയിരുത്തപ്പെടുന്നത്.
വമ്പൻ മുതൽമുടക്കിൽ അത്യാധുനിക സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്തരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രത്തിൽ 'കെ.ജി.എഫ്' ഫെയിം രവി ബ്രസൂർ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്കയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രീ-പ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെ ഒരു വർഷത്തിലധികം നീണ്ട കഠിനമായ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തിയേറ്ററുകളെ മാമാങ്കം പോലെ ഇളക്കിമറിക്കാൻ പോന്ന ദൃശ്യവിസ്മയങ്ങളും വഴിത്തിരിവുകളും ചിത്രത്തിലുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് പുറമേ ഇന്ത്യയിലെ ഇതര ഭാഷകളിലെ പ്രശസ്ത അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്, രാജ്കിരൺ ദാസ്, ഷോൺ ജോ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ ഹനാൻ ഷാ, റാപ്പർ ജിനി, തമിഴ് താരം പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് രവി ബ്രസൂർ ഈണം പകരുമ്പോൾ, ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ. ആണ്. രണ ദേവ് ഛായാഗ്രഹണവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ്: അമൽ സി. സദർ. ജുമാന ഷെരീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഡിപിൽ ദേവ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.
ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ഇടുക്കി, തേനി, മുംബൈ, പൂനൈ, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. ക്യൂബ്സ് എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു