പുരാതന രഹസ്യങ്ങളും നിഗൂഢ ലോകവുമായി വിരാട് കർണ്ണയുടെ നാഗബന്ധം ഇന്ന് മുതൽ തിയേറ്ററുകളിൽ
സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധം ഇന്നുമുതൽ (2026 ജൂലൈ 3) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിരാട് കർണ്ണയുടെ 'നാഗബന്ധം' ഇന്ന് ആഗോള റിലീസിന്; കേരളത്തിൽ ഗുഡ് ഫെല്ലാസ് തിയേറ്ററുകളിലെത്തിക്കും
കൊച്ചി: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധം' ഇന്ന് മുതൽ (2026 ജൂലൈ 3) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മെഗാ കാൻവാസിൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും കോർത്തിണക്കി, ലോകോത്തര സാങ്കേതിക നിലവാരത്തോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആവേശത്തിലാണ് ആരാധകർ.
അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം പുരാതന ക്ഷേത്രങ്ങളും, നിഗൂഢ ലോകങ്ങളും, മറഞ്ഞിരിക്കുന്ന നിധികളും, ദിവ്യശക്തികളും പശ്ചാത്തലമാക്കുന്ന ഒരു ഫാന്റസി ആക്ഷൻ ത്രില്ലറാണ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ഒരുക്കിയ വമ്പൻ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്.
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, മുരളി ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര വിതരണക്കാരായ സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിദേശ റിലീസ് സ്വന്തമാക്കിയത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിൽ ഇന്ന് മുതൽ നാഗബന്ധം ആഗോളതലത്തിൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.