ഹിന്ദു പെൺകുട്ടി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചാൽ ദേശീയഘടന തകരുമോ സിനിമയുടെ പേര് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി
സിനിമയുടെ പേര് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി. അന്തർമത വിവാഹം കൊണ്ട് ദേശീയഘടന തകരുമോ എന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന.
'യാദവ് ജി കീ ലൗ സ്‌റ്റോറി': പേര് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി; അന്തർമത വിവാഹം കൊണ്ട് ദേശീയഘടന തകരുമോ എന്ന് ചോദ്യം
അന്തർമത വിവാഹങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയോ ദേശീയഘടനയെയോ തകർക്കില്ലെന്ന് സുപ്രീംകോടതി. 'യാദവ് ജി കീ ലൗ സ്‌റ്റോറി' (Yadav Ji Ki Love Story) എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിശ്വ യാദവ പരിഷത് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
സിനിമയുടെ പേര് യാദവ സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, ചിത്രത്തിന്റെ പേര് ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. വാദത്തിനിടെ, സിനിമയിൽ ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനെയാണ് വിവാഹം കഴിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ശക്തമായ ഇടപെടലുണ്ടായത്. "ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം പുരുഷനെ വിവാഹം കഴിച്ചാൽ അതുകൊണ്ട് ദേശീയഘടന തകരുമോ?" എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം ഹർജികൾ നിയമപരമായ നിലനിൽപ്പില്ലാത്തതാണെന്ന് നിരീക്ഷിച്ചു. സിനിമയുടെ ഉള്ളടക്കമോ പേരോ ഏതെങ്കിലും വിഭാഗത്തിന് വിദ്വേഷമുണ്ടാക്കുന്ന രീതിയിലല്ലെന്നും കോടതി കൂട്ടിച്ചേർത്തു.

