സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് വിടവാങ്ങൽ സ്വന്തം റിസോർട്ടിൽ
ആദായനികുതി റെയ്ഡിനിടെ മരിച്ച വ്യവസായി സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30 ന് ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് സംസ്കാരം
ആദായനികുതി റെയ്ഡിനിടെ മരിച്ച വ്യവസായി സി.ജെ. റോയിയുടെ സംസ്കാരം ഇന്ന്; വിടവാങ്ങൽ സ്വന്തം റിസോർട്ടിൽ
ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 3.30-ന് ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ 'നേച്ചേഴ്സ് ലക്ഷ്വറി' റിസോർട്ടിലാണ് സംസ്കാരം. തന്റെ അന്ത്യവിശ്രമം ഇവിടെയായിരിക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് ബന്ധുക്കൾ ഈ തീരുമാനം എടുത്തത്.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ റിസോർട്ടിൽ പൊതുദർശനം നടക്കും. തുടർന്ന് 2.30-ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
നെഞ്ചിന്റെ ഇടതുഭാഗം തുളച്ചുകയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകർത്തതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിനുള്ളിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നതായി സൂചനയുണ്ടെങ്കിലും പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ 30-ന് ഉച്ചയ്ക്ക് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം. ഉദ്യോഗസ്ഥർ നൽകിയ അഞ്ച് മിനിറ്റ് ഇടവേളയിൽ തന്റെ കാബിനിലേക്ക് പോയ റോയിയെ, 20 മിനിറ്റിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദുബായിൽ നിന്ന് എത്തിയ ഭാര്യ ലിനി, മക്കളായ രോഹിത്, റിയ എന്നിവരിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

