ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
മദ്യപിച്ച് നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
മദ്യപിച്ച് നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
കോട്ടയം: പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർത്ഥ് പ്രഭു അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (53) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ഡിസംബർ 24-ന് എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ സിദ്ധാർത്ഥിന്റെ കാർ തങ്കരാജിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് താരം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ നാട്ടുകാരും സിദ്ധാർത്ഥും തമ്മിൽ വാക്കേറ്റമുണ്ടാവുകയും താരം അസഭ്യവർഷം നടത്തുകയും ചെയ്തു. നടുറോഡിൽ ബഹളം വെച്ച സിദ്ധാർത്ഥിനെ തടയാൻ ശ്രമിച്ച പോലീസുകാരെയും താരം അക്രമിച്ചു. ഒടുവിൽ ബലംപ്രയോഗിച്ചാണ് ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം അന്ന് വിട്ടയച്ചിരുന്നെങ്കിലും, മരണം സംഭവിച്ച സാഹചര്യത്തിൽ സിദ്ധാർത്ഥിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തും.
'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെ ബാലതാരമായി ശ്രദ്ധേയനായ സിദ്ധാർത്ഥ് പ്രഭു നിലവിൽ 'ഉപ്പും മുളകും' എന്ന സീരിയലിൽ അഭിനയിച്ചുവരികയാണ്.

