പൊൻകുന്നം ഇരട്ടമരണംഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
പൊൻകുന്നം പഴയചന്തയിലെ വാടകവീട്ടിൽ ചെങ്ങന്നൂർ സ്വദേശി സാജൻ, ഭാര്യ അനുഷ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതയും കുടുംബവഴക്കുമാണ് മരണകാരണമെന്ന് സംശയം.
പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾ മരിച്ചനിലയിൽ; രണ്ടര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
പൊൻകുന്നം: താമസത്തിനെത്തി ഏഴാം ദിവസം ദമ്പതികളെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ ബുധനൂർ സ്വദേശി ചാത്തേൽ സാജൻ മാത്യു (34), ഭാര്യ പൊൻകുന്നം സ്വദേശിനി അനുഷ (29) എന്നിവരെയാണ് പഴയചന്തയിലെ വാടകവീടിന്റെ മുകൾനിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടര വയസ്സുള്ള മകൾ പരിക്കുകളില്ലാതെ സുരക്ഷിതയായി മുറിയിലുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി വീട്ടിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. തുടർന്ന് വീട്ടുടമസ്ഥനും മറ്റും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ പൊലീസ് സാന്നിധ്യത്തിൽ വാതിൽ തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തറുത്ത് ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാജന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

