നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി തുരുത്ത് നസീർ വീണ്ടും പിടിയിൽ ഇത്തവണ കുടുങ്ങിയത് ഓട്ടോയിൽ കഞ്ചാവ് വിൽക്കുന്നതിനിടെ
ആലുവ തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന കുപ്രസിദ്ധ പ്രതി കുരിക്കലകത്തോട്ട് വീട്ടിൽ നസീറിനെ (59) റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടി. ഇയാളിൽ നിന്ന് 200 ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ആലുവ: തുരുത്ത് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന പ്രമുഖ മയക്കുമരുന്ന് വ്യാപാരി പോലീസ് പിടിയിൽ. തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ - 59) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പ്രാദേശിക പോലീസും ചേർന്ന് പിടികൂടിയത്.
തുരുത്ത് ഭാഗത്ത് പാസഞ്ചർ ഓട്ടോറിക്ഷയിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തി, വിവിധ സ്ഥലങ്ങളിൽ കച്ചവടം നടത്തുന്നതിനിടെയാണ് ഇയാൾ വലയിലായത്. അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ രണ്ടുദിവസമായി ഇയാൾ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു. ആലുവ, നെടുമ്പാശ്ശേരി തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ നസീർ. പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന മറ്റ് കണ്ണികളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.